ഇസ്ലാമാബാദ്: ആഗോള ഭീകരനായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച ഹാഫിസ് സയ്യിദിനെ പിന്തുണച്ച് പാക്കിസ്ഥാന്റെ സൈനിക മേധാവി. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായി ഇന്ത്യ കണ്ടെത്തിയ ഹാഫിസ് സയ്യിദിനെ കാശ്മീർ പ്രശ്നം പരിഹരിക്കാൻ സജീവമായി ഇടപെടുന്ന പാക് പൗരൻ എന്നാണ് ജനറൽ ഖമർ ബജ്‌വ വാഴ്ത്തിയത്.
പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ സെനറ്റ് യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവേയാണ് പാക് സൈന്യത്തിന്റെ നിലപാട് മേധാവി തുറന്നുപറഞ്ഞത്. ഇതോടെ ഭീകരസംഘടനകളോടുള്ള പാക് സൈന്യത്തിന്റെ നിലപാടും വ്യക്തമായി.
മുൻ പാക് പ്രസിഡന്റും സൈനിക മേധാവിയുമായ ജനറൽ പർവ്വേസ് മുഷാറഫ് നേരത്തേ ഹാഫിസ് സയ്യിദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ സൈനിക മേധാവിയും ഹാഫിസ് സയ്യിദിനെ അനുകൂലിച്ച് സംസാരിക്കുന്നത്.
അതേസമയം ഹാഫിസ് സയ്യിദ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നതിനെ വിമർശിച്ച് അമേരിക്ക രംഗത്തെത്തി. പത്ത് ലക്ഷം യുഎസ് ഡോളർ, ഹാഫിസ് സയ്യിദിനെതിരായ വിവരം നൽകുന്നയാൾക്ക് ഞങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അമേരിക്ക പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
“മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്കർ-ഇ-തോയ്ബ തലവനും ആണ് ഹാഫിസ് സയ്യിദ്” എന്ന് ഹെതർ നുവർട്ട് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഹാഫിസ് സയ്യിദിനെ വീണ്ടും അറസ്റ്റ് ചെയ്യണമെന്ന ആവശ്യം അമേരിക്കൻ വിദേശകാര്യ വക്താവ് ഉന്നയിച്ചു.