വാഷിങ്ടണ്‍: യുനസ്‌കോ (യുണൈറ്റഡ് നേഷന്‍സ് എഡ്യൂക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍) യില്‍നിന്ന് പിന്മാറുകയാണെന്ന് അമേരിക്ക. ഇസ്രായേല്‍ വിരുദ്ധ നിലപാട് യുനസ്‌കോ സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് പിന്മാറ്റം. യു.എസ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

യുനെസ്കോയുടെ 58 അംഗ എക്‌സിക്യൂട്ടിവ് ബോർഡ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനായി വെള്ളിയാഴ്ച യോഗം ചേരാനിരിക്കെയാണ് യു.എസിന്റെ പിൻമാറ്റമെന്നതും ശ്രദ്ധേയമാണ്. യുനസ്കോയ്ക്ക് സാമ്പത്തിക സഹായം നൽകുന്നത് 2011ൽ അമേരിക്ക നിർത്തിയിരുന്നു. പാലസ്‌തീൻ അതോറിറ്റിക്ക് അനുകൂലമായ വോട്ടെടുപ്പ് നടന്നതിനെ തുടർന്നായിരുന്നു അമേരിക്ക സാമ്പത്തിക സഹായം പിൻവലിച്ചത്.

ഇസ്രായേൽ നേതാക്കൾക്കെതിരായ പ്രമേയത്തെ തുടർന്ന് യുനസ്‌കോയിൽ നിന്ന് ഇസ്രായേലിന്റെ പ്രതിനിധിയെ പിൻവലിച്ചിരുന്നു. അതേസമയം, യുനെസ്കോയിൽ നിന്നുള്ള യു.എസിന്റെ പിൻമാറ്റത്തിൽ ഖേദം പ്രകടിപ്പിച്ച സംഘടനയുടെ അദ്ധ്യക്ഷയായ ഐറീന ബൊക്കോവ രംഗത്തെത്തി. സംഘടനയുടെ ‘ബഹുമുഖ’ പ്രതിച്ഛായയ്‌ക്ക് യു‌എസിന്റെ പിൻമാറ്റം മങ്ങലേൽപ്പിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി.

അമേരിക്കയുടെ പിന്മാറ്റം യുനസ്‌കോയ്ക്ക് കനത്ത ആഘാതമാകുമെന്നാണ് വിലയിരുത്തൽ. യുനസ്‌കോയുടെ നിയമപ്രകാരം 2018 ഡിസംബറോടെ മാത്രമെ പൂര്‍ണമായ പിന്മാറ്റം സാധ്യമാകൂ. അതുവരെ അമേരിക്കയ്ക്ക് അംഗമായിത്തന്നെ തുടരേണ്ടിവരുമെന്ന് എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ