വാഷിങ്ടൺ: ലോകം മുഴുവൻ ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്. യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും എഴുപത്തിനാലുകാരനുമായ ഡോണൾഡ് ട്രംപും എഴുപത്തിയേഴുകാരനായ മുൻ വൈസ് പ്രസിഡൻറ് ജോ ബൈഡനും 46-ാം പ്രസിഡന്റ് സ്ഥാനത്തിനായാണ് മത്സരിക്കുന്നത്. യുഎസ് വൈസ് പ്രസിഡൻറ് മൈക്ക് പെൻസും ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസുമാണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥികൾ.
Read More: യുഎസ് തിരഞ്ഞെടുപ്പ് നാളെ; നാല് സ്വിങ് സ്റ്റേറ്റുകളിൽ ബൈഡൻ മുന്നിലെന്ന് പോൾ ഫലം
പുലർച്ചെ മൂന്ന് മണിയോടെ പോളിങ് ബൂത്തുകളെല്ലാം സജ്ജമായി. വിവിധ സംസ്ഥാനങ്ങളിൽ സമയ ക്രമങ്ങളും തിരഞ്ഞെടുപ്പ് രീതികളും വ്യത്യസ്തമായിരിക്കും. ന്യൂയോർക്ക്, നോർത്ത് ഡെക്കോഡ തുടങ്ങിയ സംസ്ഥാനങ്ങളിൽ രാവിലെ ആറുമുതൽ വൈകീട്ട് ഒമ്പത് വരെയാണ് പോളിങ്.
വോട്ടെടുപ്പ് പ്രക്രിയ സെപ്റ്റംബർ ആദ്യ ആഴ്ചതന്നെ ആരംഭിച്ചിരുന്നു. 3.3 കോടി നേരിട്ടു വോട്ടുചെയ്തതും 5.8 തപാൽ വോട്ടുകളുമുൾപ്പെടെ, ശനിയാഴ്ചവരെ 9.2 കോടി പേർ വോട്ടുചെയ്തുകഴിഞ്ഞതായാണ് കണക്ക്. പുതിയ വോട്ടർമാരുടെ എണ്ണവും ഇത്തവണ കൂടിയിട്ടുണ്ട്. തപാൽ വോട്ടുകളുടെ എണ്ണം കൂടിയതിനാൽ വോട്ടുകൾ എണ്ണുന്നതിൽ കാലതാമസമുണ്ടാകാനിടയുണ്ട്. അതിനാൽ, ഫലം എന്നറിയാമെന്ന കാര്യത്തിൽ വ്യക്തതയില്ല.
തിരഞ്ഞെടുപ്പിന് മുമ്പുള്ള പോൾ ഫലങ്ങൾ ജോ ബൈഡന് അനുകൂലമാണ്. ന്യൂയോർക്ക് ടൈംസും സിയന്ന കോളെജും സംയുക്തമായി നടത്തിയ പോളിൽ നാല് നിർണായക സ്വിങ് സ്റ്റേറ്റുകളിൽ ബൈഡൻ മുന്നിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എൻബിസി ന്യൂസ്, വാൾസ്ട്രീറ്റ് ജേണൽ എന്നിവ നടത്തിയ സർവേ ഫലങ്ങളിൽ പത്ത് ശതമാനം പോയിന്റുകൾക്ക് ജോ ബൈഡൻ മുന്നിലാണെന്ന് കണ്ടെത്തി. അതേസമയം, തിരഞ്ഞെടുപ്പിന് ശേഷമുണ്ടായേക്കാവുന്ന പ്രതിഷേധങ്ങൾ മുൻകൂട്ടി കണ്ട് രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.