വാഷിങ്ടൺ: ഇന്ത്യ മലിനമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുളള സംവാദത്തിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സംസാരിക്കവെയായിരുന്നു ഈ പരാമർശം. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ട്രംപ് യുഎസിനെ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുകയായിരുന്നു ട്രംപ്.
“ചൈന, റഷ്യ, ഇന്ത്യ എന്നിവ നോക്കൂ, അവ എത്രമാത്രം മലിനമാണ്. അവിടുത്തെ വായു മലിനമാണ്,” പാരീസ് ഉടമ്പടി ശരിയല്ലാത്തതിനാൽ പുറത്താക്കിയതായും ട്രംപ് പറയുന്നു. “നമുക്ക് ഏറ്റവും ശുദ്ധമായ വായു, ഏറ്റവും ശുദ്ധമായ വെള്ളം,” അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ കോവിഡ് വാക്സിൻ ആഴ്ചകൾക്കകം പ്രഖ്യാപിക്കുമെന്നും ഡോണൾഡ് ട്രംപ് വ്യക്തമാക്കി. എന്നാൽ കോവിഡിനെ ചെറുക്കാൻ വ്യക്തമായ പദ്ധതികളൊന്നും ട്രംപിനില്ലെന്ന് ജോ ബൈഡൻ തിരിച്ചടിച്ചു. ഇത്രയധികം കോവിഡ് മരണങ്ങൾ വരുത്തിവച്ച ട്രംപിനെ പോലൊരു വ്യക്തി പ്രസിഡന്റ് സ്ഥാനത്ത് തുടരരുതെന്നും ബൈഡൻ പറഞ്ഞു.
എന്നാൽ ജനം കോവിഡിനൊത്ത് ജീവിക്കാൻ പഠിച്ചുവെന്നും തന്റെ നേതൃത്വത്തിൽ നടന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തനിക്ക് പലഭാഗത്ത് നിന്നും പ്രശംസ ലഭിച്ചുവെന്നും ട്രംപ് പറയുന്നു. എന്നാൽ അമേരിക്കൻ ജനത കോവിഡുമൊത്ത് ജീവിക്കുകയല്ല മരിക്കുകയാണ് എന്നായിരുന്നു ബൈഡന്റെ മറുപടി.
തന്റെ പദ്ധതികൾ കൃത്യമായ സമയക്രമത്തിൽ നീങ്ങുന്നുണ്ടെന്നാണ് ട്രംപ് വാദിച്ചു. ഡെമോക്രാറ്റ് ഭരണത്തിൽ ന്യുയോർക് പ്രേതനഗരമായി. ഡെമോക്രാറ്റുകൾ ഭരിക്കുന്ന ഇടങ്ങളിൽ രോഗവ്യാപനം കൂടുതലാണെന്നും ട്രംപ് ആരോപിച്ചു.
Read More: നിർണായകം; ഇന്ത്യയുടെ കൊവാക്സിന് മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി
നികുതി അടച്ചതിന്റെ രേഖകൾ ട്രംപ് പുറത്തുവിടണമെന്ന് ബൈഡൻ ആവശ്യപ്പെട്ടു. 2016 മുതൽ ട്രംപ് നികുതി രേഖകൾ പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് ഡോളർ താൻ നികുതി അടയ്ക്കുന്നുണ്ടെന്ന് ട്രംപ് തിരിച്ചടിച്ചു.
കറുത്ത വർഗക്കാരെ തനിക്ക് ഇഷ്ടമാണെന്നും അവർക്ക് തന്നോട് തിരിച്ചും ഇഷ്ടമാണെന്നും ട്രംപ് പറഞ്ഞു. 1994ൽ കറുത്തവർഗക്കാരെ ‘സൂപ്പർ പ്രിഡേറ്റേഴ്സ്’ എന്ന് വിളിച്ച വ്യക്തിയാണ് ബൈഡനെന്നും ട്രംപ് ആരോപിച്ചു.
പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ ഉദ്ഘാടന പ്രസംഗത്തിൽ എന്ത് പറയും എന്ന് ചോദിച്ചപ്പോൾ, “നാം വിജയത്തിലേക്കുള്ള പാതയിലാണ്” എന്ന് താൻ പറയുമെന്ന് ട്രംപ് പറയുന്നു. അതേസമയം, “ഈ വർഷം ബാലറ്റിൽ ഉള്ളത് ഈ രാജ്യത്തിന്റെ സ്വഭാവമാണ്,” എന്നാണ് ബൈഡൻ തന്റെ സമാപന പ്രഭാഷണത്തിൽ വോട്ടർമാരെ ഓർമ്മിപ്പിച്ചത്.
Read in English: US Presidential Debate 2020: India is filthy, says Trump while talking about climate change