വാഷിങ്ടൺ: അമേരിക്ക യുക്രൈനൊപ്പമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ. യുഎസ് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ അദ്ദേഹം വിമർശിച്ചു. പുടിൻ ലോകത്തിൽ നിന്ന് എന്നത്തേക്കാളും ഒറ്റപ്പെട്ടെന്നും പുടിൻ നേരിട്ടത് കരുത്തിന്റെ കോട്ടയെയാണെന്നും ബൈഡൻ പറഞ്ഞു.
യുക്രൈനെതിരായ പുടിന്റെ യുദ്ധം റഷ്യയെ ദുർബലമാക്കുമെന്നും ലോകത്തെ മറ്റ് രാജ്യങ്ങളെ കൂടുതൽ ശക്തമാക്കുമെന്നും പറഞ്ഞ ബൈഡൻ യുഎസ് ഒരു സൈനിക നീക്കത്തിനില്ലെന്നും യുക്രൈന് മറ്റ് സഹായങ്ങൾ നൽകുമെന്നും പ്രഖ്യാപിച്ചു.
“ഞങ്ങളുടെ സഖ്യകക്ഷികളുമായി ചേർന്ന്, സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ഞങ്ങൾ യുക്രൈന് പിന്തുണ നൽകുന്നു, സൈനിക സഹായം, സാമ്പത്തിക സഹായം, മാനുഷിക സഹായം എന്നിവ നൽകും,” അദ്ദേഹം പറഞ്ഞു. “യുക്രൈൻ ജനത അവരുടെ രാജ്യത്തെ സംരക്ഷിക്കുമ്പോൾ അവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിന് ഞങ്ങൾ അവരെ സഹായിക്കുന്നത് തുടരും,” അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ് വ്യോമാതിർത്തിയിൽ റഷ്യൻ വിമാനങ്ങളെ വിലക്കുന്നതായും പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. അമേരിക്കൻ ഉപരോധത്തെത്തുടർന്നുള്ള റഷ്യൻ സമ്പദ്വ്യവസ്ഥയുടെ ദുരിതങ്ങൾക്ക് പുടിൻ മാത്രമാണ് ഉത്തരവാദിയെന്നും ബൈഡൻ പറഞ്ഞു.
അതേസമയം, റഷ്യ യുക്രൈനിൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ സെൻട്രൽ സ്ക്വയറിലും കീവിലെ പ്രധാന ടിവി ടവറിനു നേരെയും ബോംബാക്രമണം ഉണ്ടായി. നാല് പേർ ഇതിൽ കൊല്ലപ്പെട്ടതായാണ് വിവരം. കീവിൽ സൈനിക നടപടി ശക്തിപ്പെടുത്താൻ റഷ്യ പദ്ധതിയിടുന്നതായും വിവരമുണ്ട്. കീവ് നിവാസികൾക്ക് നഗരം വിടാൻ റഷ്യൻ പ്രതിരോധ മന്ത്രാലയം ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.
Also Read: Russia-Ukraine Crisis Live: പുടിൻ നേരിട്ടത് കരുത്തിന്റെ കോട്ടയെ; ബൈഡൻ യുഎസ് പാർലമെന്റിൽ