വാഷിങ്ടണ്‍: ഉത്തരകൊറിയക്കെതിരെ യുദ്ധ സൂചനയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘ഭരണകൂടവും പ്രസിഡന്റുമാരും 25 വര്‍ഷമായി ഉത്തരകൊറിയയോട് ചര്‍ച്ച നടത്തുന്നു. പലതവണ കരാറുകള്‍ ഒപ്പുവച്ചു. ധാരാളം പണം നല്‍കിയിട്ടുണ്ട്. അതൊന്നും ഇതുവരെ നടപ്പായിട്ടില്ല. കരാറുകള്‍ മഷിയുണങ്ങുന്നതിനു മുന്‍പ് ലംഘിക്കപ്പെട്ടു. യുഎസിന്റെ മധ്യസ്ഥന്മാരെ കബളിപ്പിക്കുകയായിരുന്നു അവര്‍. ക്ഷമിക്കണം, ഇനി ഒരു കാര്യം മാത്രമാണ് നടക്കുക’ സൈനിക നീക്കമെന്ന സൂചന നല്‍കി ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

ഉത്തരകൊറിയയുടെ മിസൈല്‍- ആണവായുധ പരീക്ഷണങ്ങള തടയുന്നതിന് യുഎസ് ഇതുവരെ കര്‍ശന നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. എന്നാല്‍ ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ഉത്തരകൊറിയയെ പൂര്‍ണമായി തകര്‍ക്കുമെന്ന് ട്രംപ് ഭീഷണിമുഴക്കിയിരുന്നു. ഇപ്പോഴുള്ളത് കൊടുങ്കാറ്റിനു മുന്‍പേയുള്ള ശാന്തതയാണെന്ന് ഇറാന്‍, ഉത്തരകൊറിയ, ഐഎസ് തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച് നടന്ന ഒരു ചര്‍ച്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേ ട്രംപ് പറഞ്ഞിരുന്നു.

അമേരിക്കയെ ലക്ഷ്യമിട്ടു ദീര്‍ഘദൂര മിസൈല്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് ഉത്തര കൊറിയയെന്നു പോങ്ഗ്യാങ് സന്ദര്‍ശിച്ച റഷ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഉത്തര കൊറിയന്‍ തലസ്ഥാനത്ത് ഇതുമായി ബന്ധമുള്ള പലരുമായി സംസാരിച്ചെന്നും ചില രൂപരേഖകള്‍ കണ്ടെന്നും സംഘം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ