വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ സുരക്ഷിതനല്ലെന്ന് മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ്. മുൻ പ്രസിഡന്റുമാരുടെ സംഘത്തിലുണ്ടായിരുന്ന ഡാൻ ബോൺഗിനോയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഭീകരാക്രമണമുണ്ടായാൽ ട്രംപിനെ രക്ഷപ്പെടുത്താൻ അദ്ദേഹത്തിന്റെ രഹസ്യാന്വേഷണ സംഘത്തിനു കഴിയുമോയെന്ന കാര്യം സംശയമാണെന്നും ബോൺഗിനോ പറഞ്ഞു.

മുന്‍ പ്രസിഡന്റുമാരായ ബറാക് ഒബാമ, ജോര്‍ജ് ഡബ്ല്യൂ ബുഷ് എന്നിവര്‍ക്ക് സുരക്ഷ ഒരുക്കിയ സംഘത്തില്‍പ്പെട്ട ഉദ്യോഗസ്ഥനാണ് ഡാൻ ബോൺഗിനോ. കഴിഞ്ഞ ആഴ്ച ഒരാൾ വൈറ്റ് ഹൗസിന്റെ മതിൽ ചാടിക്കടന്നിരുന്നു. ഏകദേശം 15 മിനിറ്റോളം അയാൾ വൈറ്റ് ഹൗസിൽ ചെലവഴിക്കുകയും ചെയ്തിരുന്നു. ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് ബോൺഗിനോ മുന്നറിയിപ്പ് നൽകിയത്.

വൈറ്റ് ഹൗസിൽ ഒരു യുവാവ് അതിക്രമിച്ചു കടന്നത് അറിയാനോ തടയാനോ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. പിന്നെങ്ങനെയാണ് 40 ഓളം ഭീകരർ വൈറ്റ് ഹൗസിൽ കടക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥർക്ക് തടയാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. വൈറ്റ്ഹൗസിലെ സുരക്ഷാവീഴ്ച മുതലെടുക്കാന്‍ ഭീകരര്‍ തക്കംപാര്‍ത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബറാക് ഒബാമ പ്രസിഡന്റായിരിക്കുന്ന സമയത്ത് വൈറ്റ് ഹൗസിൽ സുരക്ഷാ വീഴ്ചകൾ സംഭവിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ