ഹനോയ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ വളര്‍ച്ച വിസ്മയിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്ര വലിയൊരു രാജ്യത്തെ ജനങ്ങളെ ഒന്നിച്ച് നിര്‍ത്താന്‍ മോദിക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

വിയറ്റിനാമില്‍ നടക്കുന്ന ഏഷ്യാ- പസഫിക് സാമ്പത്തിക സഹകരണ (എപിഇസി) ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഗസ്റ്റ് 27ന് വാഷിംഗ്ടണില്‍ വെച്ച് ഇരുനേതാക്കളും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

‘എല്ലാ ഇന്ത്യക്കാര്‍ക്കും നിരവധി അവസരങ്ങള്‍ തുറന്നാണ് ഇന്ത്യയില്‍ വളര്‍ച്ച സാധ്യമായിരിക്കുന്നത്. സമ്പദ്‍വ്യവസ്ഥയിലെ തുറന്ന നയങ്ങളിലൂടെ ഇന്ത്യ അതിശയകരമായ വളര്‍ച്ചയാണ് കൈവരിച്ചത്. രാജ്യത്തെ മധ്യവിഭാഗ ജനങ്ങള്‍ക്ക് അവസരങ്ങളുടെ ലോകമാണ് മുന്നില്‍ തുറന്നത്. ഇത്ര വലിയൊരു ജനാധിപത്യ രാഷ്ട്രത്തെ ഒരുമിച്ച് നിര്‍ത്താനാണ് മോദി പ്രവര്‍ത്തിക്കുന്നത്. അദ്ദേഹം ഇതില്‍ വളരെയധികം വിജയിച്ചിട്ടുണ്ട്’, ട്രംപ് പറഞ്ഞു.

അതേസമയം ചൈനയ്ക്ക് എതിരേയും അദ്ദേഹം ശക്തമായ പരോക്ഷ നിലപാടെടുത്തു. അമേരിക്കയിലെ വ്യാപാര സമ്പ്രദായം പൗരന്മാര്‍ക്ക് തൊഴില്‍ നഷ്ടമാക്കിയെന്നും ഏറെ നാള്‍ ഈ ചൂഷണം തുടരാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ