Latest News

കോവിഡ് വാക്‌സിൻ ഏപ്രിലിൽ എല്ലാവർക്കും ലഭ്യമാക്കും: ഡൊണാൾഡ് ട്രംപ്

കോവിഡ് പ്രതിരോധത്തിലെ മുൻനിര പോരാളികളായ ആരോഗ്യപ്രവർത്തകർക്കും പ്രായമുള്ളവർക്കും ഹൈ റിസ്‌ക് കാറ്റഗറിയിൽ ഉൾപ്പെട്ടവർക്കും വാക്‌സിൻ ആദ്യം വിതരണം ചെയ്യാനാണ് ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു

Trump

വാഷിങ്‌ടൺ: കോവിഡ് വാക്‌സിൻ ഏപ്രിലിൽ പുറത്തിറക്കാൻ സാധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്തെ എല്ലാ ജനങ്ങൾക്കും വാക്‌സിൻ ലഭ്യമാക്കാനുള്ള നടപടികൾ തന്റെ സർക്കാർ സ്വീകരിച്ചുവരികയാണെന്നും ട്രംപ് പറഞ്ഞു.

കോവിഡ് പ്രതിരോധത്തിലെ മുൻനിര പോരാളികളായ ആരോഗ്യപ്രവർത്തകർക്കും പ്രായമുള്ളവർക്കും ഹൈ റിസ്‌ക് കാറ്റഗറിയിൽ ഉൾപ്പെട്ടവർക്കും വാക്‌സിൻ ആദ്യം വിതരണം ചെയ്യാനാണ് ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു. യുഎസ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: കോവിഡ് പെരുമാറ്റച്ചട്ടം: തൃശൂരിൽ അതീവ ജാഗ്രതയ്‌ക്ക് നിർദേശം

കോവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമെന്ന അവകാശവാദവുമായി യുഎസ് കമ്പനി ഫൈസര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ജർമൻ കമ്പനിയായ ബയേൺടെക്കുമായി ചേർന്നാണ് ഫൈസര്‍ കോവിഡ് വാക്‌സിൻ വികസിപ്പിക്കുന്നത്. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 90 ശതമാനവും വിജയമാണെന്നാണ് ഇവർ അവകാശപ്പെട്ടിരുന്നു. ഈ വാക്‌സിൻ യുഎസിലെ ജനങ്ങൾക്ക് സൗജന്യമായി ലഭിക്കുന്ന രീതിയിൽ കാര്യങ്ങൾ നീക്കുമെന്നാണ് ട്രംപ് ഇപ്പോൾ അവകാശപ്പെടുന്നത്.

യുഎസിൽ വീണ്ടും കോവിഡ് പോസിറ്റീവ് കേസുകൾ ദിനംപ്രതി വർധിക്കുകയാണ്. ഈ സാഹചര്യത്തിലും രാജ്യവ്യാപകമായ അടച്ചുപൂട്ടലിനെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കി. “തങ്ങളുടെ സർക്കാർ ഒരു സമ്പൂർണ ലോക്ക്ഡൗണിനെ കുറിച്ച് ആലോചിക്കുന്നില്ല. ഭാവിയിൽ എന്ത് സംഭവിച്ചാലും, മറ്റൊരു സർക്കാർ അധികാരമേറ്റാലും അവരും ലോക്ക്ഡൗണിനെ കുറിച്ച് ആലോചിക്കില്ലെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്,” ട്രംപ് പറഞ്ഞു.

Read Also: മാസ്‌ക് ധരിച്ചില്ലെങ്കിൽ ഇനി 200 അല്ല; പിഴത്തുക കൂട്ടി

ആദ്യമായാണ് ട്രംപ് നേരിട്ടല്ലെങ്കിലും തന്റെ തിരഞ്ഞെടുപ്പ് പരാജയം സമ്മതിക്കുന്നത്. അതുകൊണ്ടാണ് തന്റെ പ്രസംഗത്തിൽ മറ്റൊരു സർക്കാർ അധികാരമേൽക്കുന്നതിനെ കുറിച്ച് ട്രംപ് സൂചിപ്പിച്ചത്.

അതേസമയം, ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 90 ശതമാനവും വിജയമാണെന്നാണ് യുഎസ് കമ്പനിയായ ഫെെസർ അവകാശപ്പെടുന്നത്. വാക്‌സിനിൽ സുരക്ഷാ വീഴ്‌ചകളൊന്നും ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അംഗീകാരത്തിനായി യുഎസ് അഡ്‌മിനിസ്‌ട്രേഷനെ ഉടൻ സമീപിക്കുമെന്നും കമ്പനി കഴിഞ്ഞയാഴ്‌ച അറിയിച്ചു.

അംഗീകാരം ലഭിക്കുകയാണെങ്കിൽ, തുടക്കത്തിൽ വാക്‌സിൻ ഡോസുകളുടെ എണ്ണം പരിമിതപ്പെടുത്തും. വാക്സിൻ എത്രത്തോളം സംരക്ഷണം നൽകും എന്നതുൾപ്പെടെ നിരവധി ചോദ്യങ്ങൾ അവശേഷിക്കുന്നു. എന്നിരുന്നാലും കൊറോണ വൈറസിനെതിരെ മറ്റ് വാക്‌സിനുകളും ഫലപ്രദമായിരിക്കുമെന്ന് വാർത്തകളുണ്ട്.

“ഇന്ന് ശാസ്ത്രത്തിനും മാനവികതയ്ക്കും ഏറെ നല്ലൊരു ദിവസമാണ്,” ഫൈസറിന്റെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ആൽബർട്ട് ബൗള പ്രസ്‌താവനയിൽ പറഞ്ഞു. “കോവിഡ് നിരക്ക് ദിനംപ്രതി കുതിച്ചുയരുന്നു, ആശുപത്രികളിൽ രോഗികളുടെ എണ്ണം വർധിക്കുന്നു, സമ്പദ്‌വ്യവസ്ഥ താറുമാറാകുന്നു.., ലോകത്തിന് ഏറ്റവും ആവശ്യമുള്ള ഒരു ഘട്ടത്തിലാണ് ഞങ്ങളുടെ വാക്‌സിൻ വികസന പരിപാടി നിർണായക വഴിത്തിരിവിലെത്തിയിരിക്കുന്നത്,”ആൽബർട്ട് ബൗള പറഞ്ഞു.

16 നും 85 നും ഇടയിൽ പ്രായമുള്ളവരിൽ പ്രയോഗിക്കാനായി യു‌എസിന്റെ അടിയന്തര അംഗീകാരം തേടണമെന്ന് ഫൈസർ പ്രതീക്ഷിക്കുന്നു. അങ്ങനെ ചെയ്യുന്നതിന്, നിലവിലെ പഠനത്തിന്റെ പകുതിയോളം വരുന്ന ഏകദേശം 44,000 ആളുകളിൽ നിന്ന് രണ്ട് മാസത്തെ സുരക്ഷാ ഡാറ്റ ശേഖരിക്കേണ്ടതുണ്ട്, നവംബർ അവസാനത്തോടെ ഇത് പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഫെെസർ അറിയിക്കുന്നു. “ഞാൻ ആവേശഭരിതനാണ്,” ഫൈസറിന്റെ വാക്‌സിൻ ശാസ്ത്രജ്ഞരിൽ ഒരാളായ ബിൽ ഗ്രുബർ ഒരു അഭിമുഖത്തിൽ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Us president donald trump covid vaccine lockdown

Next Story
പരാജയത്തിന് പിറകെ ട്രംപ് നേരിടാനിരിക്കുന്നത് വലിയ തിരിച്ചടികൾNational Emergency US, ദേശീയ അടിയന്തരാവസ്ഥ, യുഎസിൽ ദേശീയ അടിയന്തരാവസ്ഥ, കൊറോണ, ഡോണൾഡ് ട്രംപ്, Trump US coronavirus, US National Emergency Donald Trump, Coronavirus latest news update, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express