അഹമ്മദാബാദ്: രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും സബർമതി ആശ്രമത്തിലെത്തിയ കാഴ്ച കൗതുകരമായിരുന്നു. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയശേഷം ആശ്രമത്തിനകത്ത് കടന്ന ട്രംപിനും മെലാനിയയ്ക്കും കൂടെ നടന്ന് കാഴ്ചകൾ വിവരിച്ച് കൊടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു.

Read More: Donald Trump India Visit LIVE Updates: ‘നമസ്തേ ട്രംപി’നൊരുങ്ങി മൊട്ടേര സ്റ്റേഡിയം

മെലാനിയയും ട്രംപും സബർമതി ആശ്രമത്തിലെ ചർക്കയിൽ നൂൽ നൂൽക്കുന്ന കാഴ്ചയായിരുന്നു കാണികളിൽ അത്ഭുതം സൃഷ്ടിച്ചത്. കൂടെ കാര്യങ്ങൾ വിവരിച്ച് മോദിയുമുണ്ടായിരുന്നു. പിന്നീട് ആശ്രമത്തിലെ അന്തേവാസികൾ ട്രംപിനും മെലാനിയയ്ക്കും ചർക്കയുടെ പ്രവർത്തന രീതി വിവരിച്ചുകൊടുത്തു. നൂലുകൊണ്ട് നിർമിച്ച മാ ല മോദിയും ട്രംപും ചേർന്ന് ഗാന്ധിജിയുടെ ഛായാചിത്രത്തിൽ അണിയിച്ചു.

11.40ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ എത്തിയ ട്രംപിനെ നരേന്ദ്ര മോദിയാണ് സ്വാഗതം ചെയ്തത്. തുടർന്ന് ഇരുവരും തങ്ങളുടെ ഔദ്യോഗിക വാഹനങ്ങളിൽ സബർമതി ആശ്രമത്തിലേക്ക് പോകുകയായിരുന്നു. ഏതാനും സമയം അവിടെ ചെലവഴിച്ച ശേഷം സംഘം മൊട്ടേര സ്റ്റേഡിയത്തിലേക്ക് നീങ്ങി.

ഉച്ചയ്ക്ക് ഒരു മണിക്ക് മോട്ടേര സ്റ്റേഡിയത്തിൽ നടക്കുന്ന ‘നമസ്‌തെ ട്രംപ്’ പരിപാടിയിൽ അദ്ദേഹം പ്രസംഗിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരിപാടിയിൽ പങ്കെടുക്കും. ശേഷം താജ്മഹൽ സന്ദർശിക്കാനായി യുഎസ് പ്രസിഡന്റ് ആഗ്രയിലേക്ക് തിരിക്കും. അതിനുശേഷം  ഡൽഹിയിലെത്തുന്ന ട്രംപ് മോദിയുമായി വ്യാപാരവും പ്രതിരോധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡോണൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും ഞായറാഴ്ചയാണ് ഇന്ത്യയിലേക്ക് തിരിച്ചത്. ട്രംപ് അധികാരമേറ്റതിനുശേഷം നടത്തുന്ന ആദ്യ ഇന്ത്യൻ സന്ദർശനത്തെ സ്വാഗതം ചെയ്യാൻ ഇന്ത്യ കാത്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ‘മഹത്തായ സൗഹൃദം’ ആഘോഷിക്കുന്നതിനായി ഇന്ത്യയിലെത്തുന്നതിൽ അഭിമാനമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാൻക ട്രംപ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook