ഒടുവില്‍ പോലീസും ഫോരെന്‍സിക് വിഭാഗവും ഉറപ്പിച്ചു പറഞ്ഞു; കൊല്ലപ്പെട്ടത് ഷെറിന്‍ തന്നെ.  ഇതേതുടര്‍ന്ന് ടെക്സാസിലെ റിച്ചാര്‍ഡ്‌സണ്‍ പോലീസ് കുട്ടിയുടെ അച്ഛന്‍
വെസ്ലിയെ വീണ്ടും അറസ്റ്റ് ചെയ്തു.  മരണ കാരണം വ്യക്തമല്ല എന്ന് പോലീസ് അറിയിച്ചു. മകളുടെ വായിലേക്ക് നിര്‍ബന്ധമായി പാലൊഴിച്ചു കൊടുത്തു, ഇതേ തുടര്‍ന്ന് കുഞ്ഞിനു ശ്വാസതടസ്സം നേരിട്ടു എന്നും, പിന്നീട് ശ്വാസം തന്നെ നിലച്ചു എന്നും അച്ഛന്‍ വെസ്ലി പോലീസിനു മൊഴി കൊടുത്തിട്ടുണ്ട്.

Sherin Mathewsകൊച്ചി സ്വദേശിയായ വെസ്ലിയും ഭാര്യ സിനി മാത്യൂസും മക്കളോടൊപ്പം ടെക്സാസില്‍ താമസമായിരുന്നു. തങ്ങളുടെ ഇളയ മകള്‍ ഷെറിനെ ഒക്ടോബര്‍ 7 മുതല്‍ കാണാതായതായി ഇവര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയായിരുന്നു. വ്യാപകമായ തിരച്ചിലിന് ശേഷം രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് ഷെറിനിന്റേതു എന്ന് തോന്നിക്കുന്ന ശരീരം പോലീസിന് ലഭിച്ചു. വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ, ഒരു കലുങ്കിന്‍റെ കീഴില്‍ നിന്നാണ് മൃതദേഹം കണ്ടു കിട്ടയത്. ഫോരെന്‍സിക് പരിശോധനയ്ക്ക് ശേഷം ഇന്നാണ് അത് ഷെറിന്‍റെത് തന്നെയാണ് എന്ന് ഉറപ്പിച്ചത്.

കുഞ്ഞിന്റെ പൂര്‍വ്വകാല ദന്ത പരിശോധന രേഖകള്‍ അടിസ്ഥാനമാക്കിയാണ് ഈ നിഗമനത്തില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു.  പാല് കുടിച്ചു കൊണ്ടിരിക്കേ ശ്വാസ തടസ്സം നേരിട്ട കുഞ്ഞ് മരിച്ചു എന്ന് കരുതി അവളെ പുറത്തേക്ക് മാറ്റിയതാണ് എന്ന് വെസ്ലി പോലീസിനോട് കുറ്റ സമ്മതം നടത്തി.

പോലീസ് വാറന്റ് പറയുന്നത് ഇപ്രകാരമാണ്.  വെസ്ലി ഷെറിനെ നിര്‍ബന്ധമായി പാല് കുടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുഞ്ഞു ചുമയ്ക്കുകയും പിന്നീട് ശ്വാസം മന്ദഗതിയിലാവുകയും ക്രമേണ നിലയ്ക്കുകയുംചെയ്തു.  കുഞ്ഞിന്‍റെ പള്‍സ്‌ പരിശോധിച്ച വെസ്ലി കുഞ്ഞു മരിച്ചതായി കണക്കാക്കി.

മൊഴിയിലെ വൈരുധ്യങ്ങള്‍ കാരണം പോലീസ് നേരത്തെ തന്നെ വെസ്ലിയെ അറസ്റ്റ് ചെയ്യുകയും രണ്ടര ലക്ഷം ഡോളറിന്റെ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ഒടുവിലത്തെ കണ്ടെത്തലോട് കൂടി വെസ്ലിയെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്യുകയാണുണ്ടായത്. പത്ത് ലക്ഷം ഡോളര്‍ കെട്ടി വച്ചാല്‍ ഇനിയും ജാമ്യം കിട്ടാന്‍ സാധ്യതയുണ്ട്.

അമേരിക്കയില്‍ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ ഈ കേസ് സോഷ്യല്‍ മീഡിയയിലും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.  കൊച്ചി സ്വദേശി വെസ്ലിയും ഭാര്യ സിനിയും രണ്ടു വര്‍ഷം മുന്നേയാണ്‌ ബീഹാറിലെ നളന്ദയിലെ അനാഥാലയത്തില്‍ നിന്നും ഷെറിനെ ദത്തെടുത്തത്. അന്ന് കുഞ്ഞിനു 18 മാസം പ്രായമുണ്ടായിരുന്നു. വളര്‍ന്നപ്പോള്‍ അവളില്‍ ബുദ്ധി മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി.  പാല് കുടിക്കാന്‍ വിസമ്മതിച്ചതിനാണ്  വെളുപ്പിന് മൂന്ന് മണിക്ക് ഷേറിനെ വെസ്ലി വീട്ടില്‍ നിന്നും പുറത്തിറക്കി, 100 അടി അകലെയുള്ള ഒരു മരത്തിന് കീഴില്‍ കൊണ്ട് പോയി നിറുത്തിയത്.  ഇവിടെ നിന്നാണ് കുഞ്ഞു കാണാതാകുന്നത്  എന്നാണ് 37 കാരനായ വളര്‍ത്തച്ഛന്‍ ആദ്യം പോലീസിനോട് പറഞ്ഞത്.  സംഭവം നടക്കുമ്പോള്‍ ഭാര്യ സിനി ഉറങ്ങുകയായിരുന്നു എന്നാണു വെസ്ലി പോലീസിന് കൊടുത്ത മൊഴി.  ഷേറിനെക്കൂടാതെ നാല് വയസ്സുള്ള മറ്റൊരു കുഞ്ഞുമുണ്ട്‌ ഇവര്‍ക്ക്. വെസ്ലിക്കും സിനിക്കും ജനിച്ച ആ കുഞ്ഞിന്‍റെ സംരക്ഷണം ഇപ്പോള്‍ ശിശു ക്ഷേമ സമിതി ഏറ്റെടുത്തിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ