ഉക്രെനിയൻ പാസഞ്ചർ വിമാനം ഇറാന്റെ മിസൈൽ ആക്രമണത്തിൽ തന്നെ തകർന്നതാകുമെന്ന് അമേരിക്ക. ആർക്കെങ്കിലും തെറ്റ് പറ്റിയതാകമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. പൂർണമായും ഇറാനെ പ്രതികൂട്ടിൽ നിർത്തുകയാണ് അമേരിക്ക ഇതിലൂടെ. ബുധനാഴ്ചയാണ് 176 പേരുടെ മരണത്തിനിടയാക്കി ഉക്രെനിയൻ വിമാനം ബോയിങ് 737 ടെഹ്‌റാന്‍ വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണത്.

“ചിലർ പറയുന്നത് എന്തെങ്കിലും സാങ്കേതിക തകരാറാകും വിമാനത്തിന്റെ തകർച്ചയ്ക്ക് കാരണമെന്നാണ്. എന്നാൽ അതൊരു ചോദ്യമാണെന്ന് പോലും എനിക്ക് വ്യക്തിപരമായി തോന്നുന്നില്ല. വളരെ ഭയാനകമായ എന്തെങ്കിലും സംഭവിച്ചതാകാം,” ട്രംപ് പറഞ്ഞു.

വിമാനം തകരുന്നതിന് തൊട്ടുമുമ്പ് രണ്ട് മിസൈലുകൾ വിക്ഷേപിച്ചത് യുഎസ് ഉപഗ്രഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് മുതിർന്ന് അമേരിക്കൻ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. വിമാനം താഴേക്ക് പതിക്കുന്നത് ആകസ്മികമാണെന്ന് മറ്റൊരു ഉദ്യോഗസ്ഥനും പറയുന്നു.

അതേസമയം മിസൈൽ ആക്രമണം ഉൾപ്പടെ വിമാനത്തിന്റെ തകർച്ചയ്ക്ക് നാല് സാധ്യതകളാണ് ഉക്രെയ്ൻ വിശദീകരിക്കുന്നത്. നിലത്ത് വീഴുന്നതിന് മുമ്പ് വിമാനത്തിന് തീപിടിച്ചതായി ഇറാനിലെ അന്വേഷണ സംഘവും വ്യക്തമാക്കിയിട്ടുണ്ട്.

ടെഹ്‌റാന്‍ ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഉക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട വിമാനം പറന്നുയര്‍ന്ന ഉടന്‍ തകരുകയായിരുന്നു. വിമാനമാണ് തകർന്നത്. 167 യാത്രക്കാരും ഒൻപത് ക്രൂ അംഗങ്ങളുമാണു വിമാനത്തിലുണ്ടായിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook