ന്യൂയോർക്ക്: ഇന്ത്യ-ചൈന അതിർത്തി പ്രശ്നത്തിൽ യുഎസ് സൈന്യം ഇന്ത്യയ്ക്കൊപ്പം ശക്തമായി നിൽക്കുമെന്ന് വൈറ്റ് ഹൗസ് ഉന്നത ഉദ്യോഗസ്ഥൻ. ഇന്ത്യയിലായാലും മറ്റെവിടെയായാലും ചൈനയുടെ അതിക്രമം നോക്കിനിൽക്കില്ല. ഇന്ത്യയുമായി തർക്കമുണ്ടായാൽ ഞങ്ങളുടെ സൈന്യം ശക്തമായി ഇന്ത്യയ്ക്കൊപ്പം നിലകൊളളുമെന്ന് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാർക്ക് മെഡോസ് പറഞ്ഞു.
കിഴക്കൻ ലഡാക്കിൽ എട്ടു ആഴ്ചയോളമായി നിലനിന്നിരുന്ന ഇന്ത്യ-ചൈന സംഘർഷത്തിന് അയവ് വന്നിട്ടുണ്ട്. ഗൽവാൻ ഉൾപ്പെടെ 3 സംഘർഷ മേഖലകളിൽനിന്ന് ഇന്ത്യ, ചൈന സേനകൾ പിന്മാറി തുടങ്ങി. ഒന്നര കിലോമീറ്റർ വീതമാണ് ഇരുസേനകളും പിന്മാറിയത്. ഉന്നത സേനാതല ചർച്ചയിലെ ധാരണപ്രകാരമാണ് പിന്മാറ്റം.
Read Also: സ്വർണ്ണക്കടത്ത്: പിടിക്കപ്പെട്ടതോടെ സരിത് ഫോൺ ഫോർമാറ്റ് ചെയ്‌തു, ഫോറൻസിക് പരിശോധന നടത്തും
ജൂൺ 15ന് ഏറ്റുമുട്ടലുണ്ടായ ഗൽവാനിലെ പട്രോൾ പോയിന്റ് 14 (പിപി 14), ഹോട് സ്പ്രിങ്സ് (പിപി 15), ഗോഗ്ര ഹൈറ്റ്സ് (പിപി 17 എ) എന്നിവിടങ്ങളിൽ നിന്നാണു സേനകൾ പിന്നോട്ടു നീങ്ങിയത്. ഗൽവാനിലെ പട്രോൾ പോയിന്റ് 14ൽനിന്ന് നേരത്തെയും ചൈനീസ് സൈന്യം പിൻമാറിയിരുന്നുവെങ്കിലും വീണ്ടും വന്നതിനെ തുടർന്നാണ് ജൂൺ 15 ന് സംഘർഷമുണ്ടായത്. ഇതിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു.
അതേസമയം, പാംഗോങ്, ഡെപ്സാങ് എന്നിവിടങ്ങളിൽ നിന്നു പിന്മാറാൻ ചൈന ഇനിയും തയാറായിട്ടില്ല. ഇവിടങ്ങളിൽനിന്നും ചൈനയുടെ പിന്മാറ്റം ഉറപ്പാക്കാൻ ഉന്നത സേനാതലത്തിൽ കൂടുതൽ ചർച്ചകൾ വേണ്ടിവരുമെന്നാണ് സേനാ വൃത്തങ്ങൾ പറയുന്നത്.
Read in English: US military will stand strong with India in border tensions with China: White House top aide