ന്യൂഡല്‍ഹി: കൊറോണയുടെ പേരിലെ ചൈനീസ്-അമേരിക്കന്‍ വാക് യുദ്ധം തുടരുന്നു. രോഗം ആദ്യം പ്രത്യക്ഷപ്പെട്ട ചൈനയിലെ വുഹാനില്‍ അമേരിക്കയുടെ സൈന്യമാകാം വൈറസിനെ എത്തിച്ചതെന്ന ആരോപണവുമായി ചൈനയുടെ വിദേശകാര്യമന്ത്രാലയ വക്താവ്. കോവിഡ് 19 ഏറ്റവുമധികം ബാധിച്ച ഇടമാണ് വുഹാന്‍.

കഴിഞ്ഞ വര്‍ഷം അവസാനമാണ് വുഹാനില്‍ വൈറസിനെ കണ്ടെത്തിയത്. വൈറസിനെതിരെ ചൈന പ്രതികരിച്ചത് സാവധാനത്തില്‍ ആയിരുന്നുവെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ അധികൃതര്‍ ആരോപിച്ചിരുന്നു. കൂടാതെ ചൈന സുതാര്യത ഇല്ലാതെയാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും യുഎസ് ആരോപിച്ചിരുന്നു.

കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതിനോട് ചൈനയുടെ പതിയെയുള്ള പ്രതികരണം വൈറസിനെ നേരിടുന്നതില്‍ ലോകത്തിന് രണ്ട് മാസം നഷ്ടമാക്കിയെന്ന് അമേരിക്ക ആരോപിച്ചിരുന്നു. രോഗത്തിനെതിരെ തയ്യാറെടുക്കുന്നതിനുവേണ്ടിയുള്ള സമയമാണ് നഷ്ടമാക്കിയതെന്ന് അമേരിക്കന്‍ അധികൃതര്‍ ആരോപിച്ചിരുന്നു.

അമേരിക്കയുടെ ആരോപണത്തിനെതിരെ ചൈന ശക്തമായി പ്രതികരിച്ചു. ചൈനയുടെ വിദേശകാര്യ വക്താവ് ഹാവോ ലിജിയന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് പ്രതികരണം എത്തിയത്. അമേരിക്കയ്ക്കാണ് സുതാര്യതയില്ലാത്തതെന്ന് ലിജിയന്‍ ആരോപിച്ചു.

“അമേരിക്കയില്‍ രോഗം പൊട്ടിപ്പുറപ്പെട്ടത് എപ്പോഴാണ്. എത്ര പേര്‍ക്ക് രോഗം ബാധിച്ചു. ഏതൊക്കെ ആശുപത്രികളാണുള്ളത്. വുഹാനിലേക്ക് പകര്‍ച്ചവ്യാധിയെ കൊണ്ട് വന്നത് യുഎസ് സൈന്യമായിരിക്കും. സുതാര്യമാകൂ. നിങ്ങളുടെ വിവരങ്ങള്‍ പരസ്യമാക്കൂ. യുഎസ് ഞങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ടതുണ്ട്,”. ട്വീറ്റ് മറുപടിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ലീജിയന്റെ സഹപ്രവര്‍ത്തകനായ ജെംഗ് ഷുവാങും അമേരിക്കയെ വിമര്‍ശിച്ചിരുന്നു. കൊറോണവൈറസിനോടുള്ള ചൈനയുടെ പ്രതികരണത്തെ കുറ്റപ്പെടുത്തിയ പ്രസ്താവനകള്‍ അനാശാസ്യവും നിരുത്തരവാദിത്വപരവുമാണെന്ന് ജെംഗ് പറഞ്ഞിരുന്നു.

ലോകം പകര്‍ച്ചവ്യാധിക്കെതിരെ തയ്യാറെടുക്കുന്ന സമയം കൊണ്ട് ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ രോഗത്തിന്റെ വ്യാപന തടഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

ചൈനയെ കുറ്റപ്പെടുത്തുന്ന സമയവും ഊര്‍ജ്ജവും വൈറസിന്റെ വ്യാപനം തടയാനും സഹകരണം വര്‍ദ്ധിപ്പിക്കാനുമാണ് ഉപയോഗിക്കേണ്ടതെന്ന് ജെംഗ് അമേരിക്കയെ ഉപദേശിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook