വാഷിങ്ടൺ: അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഡെമോക്രാറ്റ് പാര്‍ട്ടിക്ക് മുന്നേറ്റം. ഡോണൾഡ് ട്രംപ് പ്രസിഡന്‍റ് പദത്തിലേറിയ ശേഷമുള്ള ആദ്യ പ്രധാന തിരഞ്ഞെടുപ്പാണിത്. എട്ട്​ വർഷത്തിന്​ ശേഷം റിപബ്ലിക്കൻ പാർട്ടിയിൽ നിന്ന്​ ജനപ്രതിനിധി സഭ ഡെമോക്രാറ്റുകൾ തിരിച്ചു പിടിച്ചു. അതേസമയം, സെനറ്റിൽ റിപബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നിലനിർത്തി.

435 അംഗങ്ങളുള്ള ജനപ്രതിനിധി സഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകൾക്ക്​ ലഭിക്കുമെന്നാണ്​ ഒടുവിൽ പുറത്ത്​ വരുന്ന തെരഞ്ഞെടുപ്പ്​​ ഫലങ്ങൾ സൂചിപ്പിക്കുന്നത്​. വിർജീനിയ, ഫ്ലോറിഡ, പെൻസിൽവാനിയ, കോള​റാഡോ തുടങ്ങിയ സ്ഥലങ്ങളിൽ റിപബ്ലിക്കൻ പാർട്ടിയെ തകർത്ത്​ ഡെമോക്രാറ്റുകളാണ്​ മുന്നേറിയത്​. സെനറ്റിൽ ഇന്ത്യാന, നോർത്ത്​ ഡക്കോട്ട തുടങ്ങിയ സീറ്റുകൾ ഡെമോക്രാറ്റുകളിൽ നിന്ന്​ റിപബ്ലിക്കൻ പാർട്ടി പിടിച്ചെടുത്തു

435 അംഗ ജനപ്രതിനിധിസഭയിലെ എല്ലാ സീറ്റുകളിലേക്കും 100 അംഗ സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 36 സംസ്ഥാനങ്ങളിൽ ഗവർണർ സ്ഥാനത്തേക്കും വോട്ടെടുപ്പ് നടക്കുന്നുണ്ട്.
ആദ്യ റിപ്പോര്‍ട്ട് പ്രകാരം വെര്‍മന്റിന്റെ സെനറ്ററായ ബേണി സാന്റേഴ്സും മസാഷുസെറ്റ്സിന്റെ എലിസബത്ത് വാരനും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ സഹോദരന്‍ ഗ്രൈഗ് പെന്‍സ് ഇന്‍ഡിയാനയില്‍ നിന്നും വിജയിച്ചു. റിപബ്ലിക്കന്‍സിനായി ഡെമോക്രാറ്റിന്റെ ജിയാനിന്‍ ലീ ലൈക്കിനെ ആണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

ട്രംപിന് ഏറെ നിർണായകമായ തിരഞ്ഞെടുപ്പാണിത്. സെനറ്റിലും ജനപ്രതിനിധിസഭയിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് മുൻതൂക്കം ആവർത്തിക്കാനായാൽ ട്രംപിന് അമേരിക്കയുടെ ഭരണചക്രം തുടർന്നും സുഗമമായി തിരിക്കാം. മറിച്ച് ഏതെങ്കിലുമൊന്നിലെങ്കിലും ഭൂരിപക്ഷം കുറഞ്ഞാൽ അത് ട്രംപിന് കുറച്ചൊന്നുമാകില്ല തലവേദന സൃഷ്ടിക്കുകയെന്നാണ് അനുമാനം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ