വാഷിങ്ടൺ: ഉക്രെയ്നിൽ ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോട് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുഖ്യധാരാ അമേരിക്കൻ മാധ്യമങ്ങൾ. സമർഖണ്ഡിലെ മോദി-പുടിൻ സംഭാഷണം മുഖ്യധാരാ അമേരിക്കൻ മാധ്യമങ്ങൾ വലിയ രീതിയിലാണ് ഏറ്റെടുത്തത്.
”ഉക്രെയ്നിലെ റഷ്യയുടെ ആക്രമണത്തിൽ പുടിനെ മോദി വിമർശിച്ചു,” ദി വാഷിങ്ടൺ പോസ്റ്റിലെ തലക്കെട്ട് ഇതായിരുന്നു. “ഇന്നത്തെ യുഗം യുദ്ധത്തിനുള്ള കാലമല്ല, ഇതിനെക്കുറിച്ച് ഞാൻ നിങ്ങളോട് ഫോണിൽ സംസാരിച്ചിരുന്നു,” ദിനപത്രം റിപ്പോർട്ട് ചെയ്തു.
”ഉക്രെയ്നിലെ സംഘർഷത്തെക്കുറിച്ചുള്ള നിങ്ങളുടെ നിലപാടും നിങ്ങൾ നിരന്തരം പ്രകടിപ്പിക്കുന്ന ആശങ്കകളും എനിക്കറിയാം. ഉക്രെയ്‌നിലെ നടപടികൾ എത്രയും വേഗം അവസാനിപ്പിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും. നിർഭാഗ്യവശാൽ, ഉക്രെയ്ൻ നേതൃത്വം ചർച്ചകൾ ഉപേക്ഷിക്കുന്നതായും യുദ്ധക്കളത്തിൽ സൈനിക മാർഗങ്ങളിലൂടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ആഗ്രഹിക്കുന്നുവെന്നും പ്രഖ്യാപിച്ചു. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ എപ്പോഴും നിങ്ങളെ അറിയിക്കും,” മോദിയോടായി പുടിൻ പറഞ്ഞു.
വാഷിങ്ടൺ പോസ്റ്റിന്റെയും ന്യൂയോർക്ക് ടൈംസിന്റെയും വെബ്‌പേജിലെ പ്രധാന വാർത്തയായിരുന്നു ഇത്. ഇപ്പോൾ യുദ്ധത്തിന്റെ യുഗമല്ലെന്ന് ഇന്ത്യയുടെ നേതാവ് പുടിനോട് പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് അതിന്റെ തലക്കെട്ടിൽ പറഞ്ഞു. ഇരു നേതാക്കളും തമ്മിൽ നടന്ന കൂടിക്കാഴ്ച സൗഹൃദപരമായിരുന്നു. ഉക്രെയ്‌നിലെ യുദ്ധത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്ക തനിക്ക് മനസ്സിലായെന്ന് മോദിയുടെ വാക്കുകൾക്കു മുമ്പ് പുടിൻ പറഞ്ഞിരുന്നുവെന്ന് ദിനപത്രം പറയുന്നു.