ന്യൂയോർക്ക്: സിറിയ ഉൾപ്പെടെ ഏഴ് ഇസ്‌ലാമിക രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീസ നിഷേധിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിന് ഫെഡറൽ കോടതി സ്റ്റേ നൽകി. കൃത്യമായ രേഖകളും വീസയുമുള്ള ഇതര രാജ്യക്കാർക്ക് യുഎസിൽ തുടരാമെന്ന് കോടതി വിധിച്ചു. ഇറാഖ്, ഇറാൻ, സിറിയ, സുഡാൻ, ലിബിയ, സൊമാലിയ, യെമൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുളള യാത്രക്കാരെ ട്രംപിന്റെ ഉത്തരവിനെത്തുടർന്ന് ഇന്നലെ വിമാനത്താവളങ്ങളിൽ തടഞ്ഞിരുന്നു.

ഇതിനെത്തുടർന്ന് വിമാനത്താവളങ്ങളിൽ വലിയ പ്രതിഷേധവും ഉണ്ടായി. അഭയാർഥികളെയും വിദേശ രാജ്യക്കാരെയും തടയാനുള്ള ട്രംപിന്റെ പുതിയ തീരുമാനത്തെത്തുടർന്ന് വലിയ പ്രതിഷേധമാണ് രാജ്യത്തിനകത്തും പുറത്തും നടക്കുന്നത്. വെള്ളിയാഴ്‌ച അർധരാത്രിയാണ് ട്രംപ് ഉത്തരവിറക്കിയത്. എന്നാൽ പുതിയ കോടതി ഉത്തരവിനെത്തുടർന്ന് രാജ്യത്ത് എത്തിയവർക്ക് തുടരാനാവും.

ഭീകരതയെ നേരിടാനുള്ള ചില രാജ്യങ്ങൾക്കാണ് വീസ വിലക്കെന്നാണ് ട്രംപ് ഉത്തരവിൽ പറയുന്നത്. യുഎസ് അഭയാർഥി പ്രവേശനവും റദ്ദാക്കിയിരുന്നു. മുഖ്യ പ്രതിപക്ഷ കക്ഷിയായ ഡമോക്രാറ്റിക് പാർട്ടിയും വിവിധ സംഘടനകളും ഉത്തരവിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ