ബാഗ്‌ദാദ്: യുഎസ്-ഇറാന്‍ ബന്ധം കൂടുതല്‍ വഷളാകുന്നു. ചരിത്രത്തിലാദ്യമായി ഇറാനിലെ ക്യോം ജാംകരന്‍ മോസ്‌കിലെ താഴികക്കുടത്തില്‍ ചുവപ്പു കൊടി ഉയര്‍ന്നു. പാരമ്പര്യമനുസരിച്ച് ഇങ്ങനെ ചുവപ്പു കൊടി ഉയർത്തുന്നതിനെ യുദ്ധം വരുന്നതിന്റെ സൂചനയായാണ് കാണുന്നത്.

വെള്ളിയാഴ്‌ച പുലർച്ചെ ബാഗ്‌ദാദ് രാജ്യാന്തര വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്‍ ചാരത്തലവനടക്കമുള്ള സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനി അടക്കമുള്ള ആറുപേരാണു കൊല്ലപ്പെട്ടത്. ഇതേ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്.

Read Also: മോഹന്‍ലാലിനെ കാണാന്‍ വേലിക്കരികില്‍ ചിരിച്ചുകൊണ്ട് കാത്തുനില്‍ക്കുന്ന അമ്മൂമ്മ

അമേരിക്കയ്‌ക്ക് തിരിച്ചടി നൽകുമെന്നാണ് ഇറാൻ പറയുന്നത്. പ്രതികാരം ചെയ്യുന്നതിന്റെ സൂചനയായാണ് ഇറാനിലെ മോസ്‌കിൽ ചുവപ്പു കൊടി ഉയർത്തിയതെന്നാണ് ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, രഹസ്യസേനാ തലവന്‍ ഖാസിം സുലൈമാനിയയുടെ സംസ്‌കാര ചടങ്ങുകൾക്ക് തൊട്ടുപിന്നാലെ ഇറാഖിന്റെ തലസ്ഥാനമായ ബാഗ്‌ദാദിൽ വന്‍ സ്ഫോടനങ്ങളുണ്ടായി. യുഎസ് എംബസിയെ ലക്ഷ്യം വച്ചായിരുന്നു മിസൈല്‍ ആക്രമണം. ഇതിനെതിരെ യുഎസ് രംഗത്തുവന്നിട്ടുണ്ട്. തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നത്. ഇരു രാജ്യങ്ങളും പരസ്പരം വെല്ലുവിളിക്കുന്നത് മറ്റ് രാജ്യങ്ങളെയും ആശങ്കയിലാഴ്‌ത്തുന്നു.

അവർ ഞങ്ങളെ ആക്രമിക്കാൻ ശ്രമിച്ചു, ഞങ്ങൾ തിരിച്ചടിച്ചു. ഇനിയും ആക്രമിക്കാൻ വന്നാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ തന്ത്രപ്രധാനമായ 52 കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook