ഇന്ത്യയിലെ ന്യൂന പക്ഷ വിഭാഗക്കാർക്ക് രാജ്യത്തെ ഭരണഘടന ഉറപ്പ് നൽകുന്ന മുഴുവൻ സംരക്ഷണവും ഉറപ്പാക്കണമെന്ന് യുഎസ് സർക്കാരിന്റെ ഔദ്യോഗിക റിപ്പോർട്ട്. രാജ്യത്ത് മത- വംശീയ ന്യൂനപക്ഷങ്ങൾക്കെതിരേ നടന്നതായി പറയുന്ന ആക്രമണങ്ങളും വിവേചനങ്ങളും പ്രതിപാദിച്ചാണ് യുഎസിന്റെ 2019 അന്താരാഷ്ട്ര മത സ്വാതന്ത്ര്യ റിപ്പോർട്ടിൽ ഇക്കാര്യം പരാമർശിക്കുന്നത്.

യുഎസ് കോൺഗ്രസ് തയ്യാറാക്കിയ റിപ്പോർട്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് പ്രകാശനം ചെയ്തത്. ലോകത്ത് മത സ്വാതന്ത്ര്യം ലംഘിക്കപ്പെട്ട പ്രധാന സംഭവങ്ങൾ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു.

Read More: കർണാടകയ്ക്കും മദ്ധ്യപ്രദേശിനും പിറകേ രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമമെന്ന് കോൺഗ്രസ്

റിപ്പോർട്ട് ഇന്ത്യൻ സർക്കാർ നേരത്തേ തള്ളിക്കളഞ്ഞിരുന്നു. രാജ്യത്തെ പൗരൻമാരുടെ, ഭരണഘടനാ പ്രകാരം സംരക്ഷിക്കപ്പെട്ട അവകാശങ്ങളുടെ അവസ്ഥ സംബന്ഝിച്ച് അഭിപ്രായം പറയുന്നത് ഒരു വിദേശ സർക്കാരിന്റെ അധികാരപരധിയിൽ പെട്ട കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ ഈ റിപ്പോർട്ട് നിരസിച്ചത്.

റിപ്പോർട്ടിൽ ഇന്ത്യയെക്കുറിച്ച് പരാമർശിക്കുന്ന ഭാഗത്ത് മതസ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നതും സഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നതും ഭരണ- പ്രതിപക്ഷ കക്ഷികൾക്കിടയിലും സിവിൽ സൊസൈറ്റി, മത സ്വാതന്ത്ര്യ പ്രവർത്തകർ, വിവിധ വിശ്വാസ സമുദായങ്ങളിലെ മത നേതാക്കൾ എന്നിവരുമായും പര്സപര ബഹുമാനം കാത്തു സൂക്ഷിക്കുന്നതും പ്രധാനമാണെന്ന് യുഎസ് ഉദ്യോഗസ്ഥർ അടിവരയിടുന്നുവെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ യുഎസിന്റെ മത സ്വാതന്ത്ര്യ ചുമതലയുള്ള അംബാഡർ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ മത-വംശീയ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമത്തെക്കുറിച്ചും വിവേചനത്തെക്കുറിച്ചും ആശങ്ക അറിയിച്ചിരുന്നു.

Read More: സ്ഥിതി കൂടുതൽ വഷളാകുന്നു, ഇപ്പോഴത്തെ വെല്ലുവിളി ജാഗ്രതക്കുറവ്: ലോകാരോഗ്യ സംഘടന

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതും ഡിസംബറിൽ പൗരത്വ ഭേദഗതി നിയമത്തിന് (സിഎഎ) പാർലമെന്റ് അംഗീകാരം നൽകിയതും റിപ്പോർട്ടിൽ പ്രാധാനപ്പെട്ട സംഭവങ്ങളായി പരാമർശിക്കുന്നു.

ഭരണകക്ഷിയായ ബിജെപി ഉൾപ്പെടെയുള്ള ഹിന്ദു ഭൂരിപക്ഷ പാർട്ടികളിലെ ഉത്തരവാദപ്പെട്ട ചിലർ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ പരസ്യമായ അഭിപ്രായ പ്രകടനങ്ങളോ സോഷ്യൽ മീഡിയ പോസ്റ്റുകളോ നടത്തിയെന്ന പരാമർശവും റിപ്പോർട്ടിലുണ്ട്. ഗോരക്ഷയുടെ പേരിൽ കൊലപാതകം, ആൾക്കൂട്ട അക്രമം, ഭീഷണിപ്പെടുത്തൽ എന്നിവ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ വിചാരണ ചെയ്യുന്നതിൽ അധികാരികൾ പലപ്പോഴും പരാജയപ്പെട്ടുവെന്നും കുറ്റവാളികളെ അധികൃതർ രക്ഷിക്കുകയും ഇരകൾക്കെതിരേ കുറ്റം ചുമത്തുകയും ചെയ്യുന്നതായാണ് സന്നദ്ധ സംഘടനകൾ അറിയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

Read More: US religious freedom report voices concern: ‘Need to ensure protection to minorities in India’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook