Latest News

കൊറോണ വൈറസിന്റെ ഉത്ഭവം: യുഎസ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ രണ്ടു തട്ടില്‍ തന്നെ

കൊറോണ വൈറസ് ജൈവായുധമായി വികസിപ്പിച്ചതായി അനലിസ്റ്റുകള്‍ വിശ്വസിക്കുന്നില്ല. വൈറസ് ജനിതക മാറ്റം വരുത്തി സൃഷ്ടിച്ചതല്ലെന്നാണു മിക്ക ഏജന്‍സികളും കരുതുന്നത്

coronavirus, covid19, Origin of covid-19, US intelligence, China covid-19 origin, USA on covid origin, covid-19 origin news, USA, Joe Biden, Coronavirus news, Covid-19 news, covid-19 wuhan lab, USA news, World news, Indian Express Malayalam, ie malayalam

വാഷിങ്ടണ്‍: കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കിടയിലെ ഭിന്നാഭിപ്രായം തുടരുന്നു. കോവിഡ് ആഗോള മഹാമാരിയായി പടരാന്‍ ആരംഭിക്കുന്നതിനു മുന്‍പ് വൈറസിനെക്കുറിച്ച് ചൈനയിലെ നേതാക്കള്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ വിശ്വസിക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിനെത്തുടര്‍ന്ന് നടത്തിയ അവലോകനത്തിന്റെ ഫലങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വെള്ളിയാഴ്ചയാണ് ഈ അവലോകനം പുറത്തുവന്നത്.

ഒരു അണ്‍ ക്ലാസിഫൈഡ് സംഗ്രഹം അനുസരിച്ച്, വൈറസ് ആദ്യം മൃഗത്തില്‍നിന്ന് മനുഷ്യനിലേക്കു പകര്‍ന്നതായാണ് കുറഞ്ഞ ആത്മവിശ്വാസത്തോടെ നാല് യുഎസ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പറയുന്നത്. എന്നാല്‍, മനുഷ്യരിലെ ആദ്യ അണുബാധ ഒരു ലാബുമായി ബന്ധപ്പെട്ടതാണെന്നാണ് അഞ്ചാമത്തെ ഏജന്‍സി മിതമായ ആത്മവിശ്വാസത്തോടെ കരുതുന്നത്.

കൊറോണ വൈറസ് ജൈവായുധമായി വികസിപ്പിച്ചതായി അനലിസ്റ്റുകള്‍ വിശ്വസിക്കുന്നില്ല. വൈറസ് ജനിതക മാറ്റം വരുത്തി സൃഷ്ടിച്ചതല്ലെന്നാണു മിക്ക ഏജന്‍സികളും കരുതുന്നത്.

”ചൈന ആഗോള അന്വേഷണത്തെ തടസപ്പെടുത്തുന്നത് തുടരുന്നു, വിവരങ്ങള്‍ പങ്കിടുന്നത് പ്രതിരോധിക്കുകയും അമേരിക്ക ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു,” നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറുടെ ഓഫീസ് വെള്ളിയാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. വൈറസിനു കാരണമായത് എന്താണ് എന്നതിനെക്കുറിച്ച് ഒരു നിഗമനത്തിലെത്താന്‍ ചൈനയുടെ സഹകരണം ആവശ്യമാണെന്നും ഓഫീസ് പറഞ്ഞു.

Also Read: ഒരു ദിവസം നൽകിയത് ഒരു കോടി ഡോസ്; രാജ്യത്ത് ആകെ വാക്സിൻ സ്വീകരിച്ചവർ 62 കോടിയിലധികം

കൊറോണ വൈറസ് ഇപ്പോഴും ലോകമെമ്പാടുമുള്ള അടിയന്തിര പൊതുജനാരോഗ്യ, സുരക്ഷാ ആശങ്കയാണ്. ചൈനീസ് ശാസ്ത്രജ്ഞര്‍ ഒരു ലാബില്‍ കോവിഡ്-19 വികസിപ്പിക്കുകയും അത് ചോര്‍ത്താന്‍ അനുവദിക്കുകയും ചെയ്തുവെന്ന് അമേരിക്കയില്‍ പല യാഥാസ്ഥിതികരും ആരോപിച്ചിരുന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാന്‍ നഗരത്തിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ കൊറോണ വൈറസുകളെക്കുറിച്ച് നടത്തിയ ഗവേഷണം സൂചിപ്പിക്കുന്ന ഒരു വസ്തുതാ രേഖ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തിനു കീഴില്‍ യുഎസ് വിദേശകാര്യ വകുപ്പ് പ്രസിദ്ധീകരിച്ചിരുന്നു.

എന്നാല്‍, വൈറസ് മിക്കവാറും മൃഗങ്ങളില്‍നിന്ന് കുടിയേറിയിരിക്കാനാണു സാധ്യതയെന്ന ശാസ്ത്രീയ സമവായമാണ് നിലനില്‍ക്കുന്നത്. ‘സ്പില്‍ഓവര്‍ ഇവന്റുകള്‍’ (വൈറസുകള്‍ യാദൃശ്ചികമായും വളരെ അപൂര്‍വമായും ഒരു ജീവിയില്‍നിന്ന് മറ്റൊന്നിലേക്കു കടക്കുന്നത്) പ്രകൃതിയില്‍ സംഭവിക്കുന്നു. വവ്വാലുകളില്‍ പ്രത്യക്ഷപ്പെടുകയും മനുഷ്യ പകര്‍ച്ചവ്യാധി ഉണ്ടാക്കുകയും ചെയ്ത സാര്‍സ്1, മെര്‍സ് എന്നീ രണ്ട് കൊറോണ വൈറസുകളെങ്കിലുമുണ്ട്.

വൈറസിനെക്കുറിച്ച് അന്വേഷിക്കുന്നതിനുള്ള ശ്രമങ്ങളെ ‘തുടക്കം മുതല്‍’ ചൈന തടഞ്ഞുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ”ലോകം ഉത്തരങ്ങള്‍ അര്‍ഹിക്കുന്നു, നമുക്ക് അതു കിട്ടുന്നതുവരെ ഞാന്‍ വിശ്രമിക്കില്ല. ഉത്തരവാദിത്തമുള്ള രാജ്യങ്ങള്‍ ഇത്തരം ഉത്തരവാദിത്തങ്ങളില്‍നിന്നു പിന്മാറില്ല,” അദ്ദേഹം പറഞ്ഞു.

Also Read: സജീവ കേസുകള്‍ വര്‍ധിക്കുന്നു; രാജ്യത്ത് 46,759 പേര്‍ക്ക് കോവിഡ്, 509 മരണം

അതേസമയം, റിപ്പോര്‍ട്ട് പുറത്തുവരുന്നതിനു മുമ്പ് യുഎസ് അന്വേഷണത്തെ ചൈനീസ് വിദേശകാര്യ മന്ത്രാലയം ആക്രമിച്ചു. ബലിയാടാക്കപ്പെടുന്ന ചൈനയ്ക്ക് അമേരിക്കയെ വെള്ളപൂശാന്‍ കഴിയില്ലെന്നു വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള വിശദീകരണത്തില്‍ വിദേശകാര്യ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ ഫു കോങ് പറഞ്ഞു,

”ചൈനയെ അടിസ്ഥാനരഹിതമായി കുറ്റപ്പെടുത്താന്‍ അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പ്രത്യാക്രമണം നേരിടാന്‍ അവര്‍ തയാറാകുന്നതാണ് നല്ലത്,”അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് 90 ദിവസത്തിനുള്ളില്‍ അവലോകനം നടത്താന്‍ മേയിലാണ് ജോ ബൈഡന്‍ ഉത്തരവിട്ടത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നതോ ലാബ് ചോര്‍ച്ചയോ ആവാമെന്ന രണ്ടു വ്യത്യസ്ത പ്രാഥമിക നിഗമനങ്ങളുടെ സാഹചര്യത്തിലായിരുന്നു ഉത്തരവ്. 18 രഹസ്യാന്വേഷണ വിഭാങ്ങളുടെ സമൂഹത്തിലെ രണ്ടെണ്ണം വൈറസ് പ്രകൃതിയില്‍നിന്ന് സിദ്ധാന്തത്തിലേക്ക് വിരല്‍ചൂണ്ടിയപ്പോള്‍ മറ്റൊരു ഏജന്‍സി ലാബ് ചോര്‍ച്ചാ സാധ്യതയ്‌ക്കൊപ്പമാണു നിന്നതെന്നു വൈറ്റ് ഹൗസ് പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Us intelligence still divided on origins of coronavirus

The moderation of comments is automated and not cleared manually by malayalam.indianexpress.com