മിഷിഗൺ: അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ടെക്കിയും മകനും മിഷിഗണിൽ കുളത്തിൽ മുങ്ങിമരിച്ചു. മിഷിഗണിൽ നോവി എന്ന പ്രദേശത്തെ പൊതുകുളത്തിലാണ് 31 കാരനായ നാഗരാജു സുരേപള്ളിയും മകൻ ആനന്ത് സായിയും മരിച്ചത്. നോർത്ത് വില്ല അപാർട്മെന്റ് കോംപ്ലക്സ് പ്രദേശത്തെ കുളത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ആന്ധപ്രദേശിലെ ഗുണ്ടൂർ സ്വദേശിയാണ് ഇദ്ദേഹം.

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെ ഈ സ്ഥലത്ത് മകനൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു നാഗരാജു. മുച്ചക്ര സൈക്കിളിലായിരുന്ന ആനന്ത് സായി കുളത്തിലേക്ക് വീണപ്പോൾ രക്ഷിക്കാനായി ചാടിയതാണ് ഇയാൾ. ഇരുവരും പക്ഷെ അഞ്ചടിയോളം ആഴമുള്ള കുളത്തിന്റെ അടിത്തട്ടിലേക്ക് ആഴ്ന്നുപോയി. ഈ സമയത്ത് കുളത്തിന് സമീപത്ത് മറ്റാരും ഉണ്ടായിരുന്നില്ല.

ഇരുവരും കുളിക്കുകായായിരുന്നില്ലെന്നും, കുളിക്കാനുള്ള വസ്ത്രങ്ങളല്ല ധരിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. ഇരുവരെയും ഉടൻതന്നെ സെന്റ് ജോൺസ് പ്രൊവിൻസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൂന്ന് വർഷം മുൻപ് എച്ച്1ബി വിസ വഴി അമേരിക്കയിലെത്തിയതാണ് നാഗരാജു. ഇദ്ദേഹത്തോടൊപ്പം 29 കാരിയായ ഭാര്യയും മകനുമായിരുന്നു ഉണ്ടായിരുന്നത്. ഡിട്രോയിറ്റ് പ്രദേശത്ത് സ്വകാര്യ സ്ഥാപനത്തിൽ സോഫ്റ്റുവെയർ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.

ഇദ്ദേഹത്തിന്റെ ഭാര്യയെയും കുടുംബത്തെയും സഹായിക്കുന്നതിന് സുഹൃത്തുക്കൾ GoFundMe പ്രാചാരണം തുടങ്ങിയിട്ടുണ്ട്. മൃതാവശിഷ്ടങ്ങൾ ഇന്ത്യയിലേക്ക് തിരികെയെത്തിക്കുന്നതിനാണ് ഈ പ്രചാരണത്തിലൂടെ സുഹൃത്തുക്കൾ ശ്രമിക്കുന്നത്.

നാലായിരത്തിലധികം വരുന്ന ആളുകൾ ചേർന്ന് ഇതിനോടകം ഒന്നരലക്ഷം ഡോളർ സംഭാവന ചെയ്തിട്ടുണ്ട്. നാഗരാജുവിന്റെ ഭാര്യ ബിന്ദു നാഗരാജ് ആണ് ഈ തുകയുടെ അവകാശി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ