സാൻ ഫ്രാൻസിസ്കോ : അമേരിക്കയിൽ ഇന്ത്യക്കാർക്കെതിരായ വംശീയ അതിക്രമങ്ങൾ തുടരുന്നതിനിടെ മകളുടെ മുൻ കാമുകന്റെ വെടിയേറ്റ് ദമ്പതികൾ മരിച്ചു. ഇന്ത്യൻ വംശജരായ നരേൻ പ്രഭുവും ഭാര്യയുമാണ് മരിച്ചത്. സാൻ ഫ്രാൻസിസ്കോയിൽ നിന്ന് 60 കിലോമീറ്റർ മാറിയുള്ള നഗരമായ സാൻ ഹോസെയിൽ ഇവർ താമസിച്ചിരുന്ന വീട്ടിൽ വച്ചായിരുന്നു സംഭവം. ഇവരുടെ മകളുടെ മുൻ കാമുകൻ മിർസ ടാട്‌ലിക് ആണ് കൊല നടത്തിയതെന്ന് നരേഷ് പ്രഭുവിന്റെ മകൻ പൊലീസിനോട് പറഞ്ഞു. ഇരുവരും തമ്മിലുള്ള പ്രണയബന്ധത്തിൽ നിന്ന് പെൺകുട്ടി പിന്മാറിയതിനെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിലെത്തിയത്.
സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോൾ വെടിയേറ്റ് മരിച്ച നിലയിൽ നരേൻ പ്രഭു വീട്ടുവാതിൽക്കൽ കിടക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ 20 വയസ്സുകാരനായ മകനാണ് അമ്മയും, 13 വയസ്സുള്ള സഹോദരനും മിർസ ടാട്‌ലികും വീടിന് അകത്തുണ്ടെന്ന് പൊലീസിനോട് പറഞ്ഞത്. പൊലീസ് വീട് വളഞ്ഞതിന് ശേഷം കുട്ടിയെ മിർസ ടാട്‌ലിക് പുറത്തേക്ക് വിട്ടു. പിന്നീട് ഇയാൾ പൊലീസിന് നേരെ വെടിയുതിർത്തു. ഈ സമയത്താണ് പൊലീസ് ഷൂട്ടർമാരിലൊരാൾ മിർസ ടാട്‌ലികിനെ വെടിവച്ച് കൊന്നത്.
ഇതിന് ശേഷമാണ് പൊലീസിന് വീടിനകത്തേക്ക് കടക്കാൻ കഴിഞ്ഞത്. എന്നാൽ നരേൻ പ്രഭുവിന്റെ ഭാര്യ ഇതിനോടകം വെടിയേറ്റ് മരിച്ചിരുന്നു.
മിർസ ടാട്‌ലിക്കുമായി ദമ്പതികളുടെ മൂത്ത മകൾ പ്രണയത്തിലായിരുന്നുവെന്ന് സാൻ ഹോസെ പൊലീസ് ചീഫ് എഡ്ഡി ഗാർസിയ പറഞ്ഞു. ഇയാളുടെ ശാരീരിക പീഡനം സഹിക്കാനാകാതെ ഇവർ ബന്ധത്തിൽ നിന്ന് പിന്മാറി. 2016 ൽ ബന്ധം അവസാനിപ്പിച്ച ശേഷം പെൺകുട്ടിയിൽ നിന്ന് നിശ്ചിത ദൂരത്ത് മാത്രമേ താമസിക്കാൻ പാടുള്ളൂവെന്ന കോടതി ഉത്തരവും പ്രതിക്കെതിരെ നിലനിന്നിരുന്നു.
“ലോറ വെല്ലെ ലെയിനിൽ ഇവരുടെ വസതിയിൽ പൊലീസ് എത്തുമ്പോൾ ഒരാൾ മുൻവാതിലിന് മുന്നിൽ തന്നെ മരിച്ച് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ശരീരത്തിൽ വെടിയേറ്റ മുറിവുണ്ടായിരുന്നു. മരിച്ചയാളുടെ മൂത്ത മകനിൽ നിന്ന്, അദ്ദേഹത്തിന്റെ ഇളയ സഹോദരനും പ്രതിയെന്ന് സംശയിക്കുന്ന ആളും വീട്ടിനകത്ത് തന്നെ ഉണ്ടെന്ന് മനസിലാക്കി.” പൊലീസ് പറഞ്ഞു.
“പൊലീസുകാർ വീടിനകത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ, പ്രതി 13 കാരനായ ആൺകുട്ടിയെ പ്രതി സ്വതന്ത്രനാക്കിയെന്ന്” ഗാർസിയ വ്യക്തമാക്കി. മിർസ ടാട്‌ലിക് കീഴടങ്ങാൻ വിസമ്മതിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇയാൾ പൊലീസിന് നേരെ വെടിയുതിർത്തപ്പോഴാണ് കൊലപ്പെടുത്തിയത്.
സാൻഫ്രാൻസിസ്‌കോയിൽ ജൂനിപർ നെറ്റ്‌വർക്‌സിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ വൈസ് പ്രസിഡന്റായിരുന്നു നരേൻ പ്രഭു. ഇദ്ദേഹത്തിന്റെ രണ്ട് ആൺമക്കൾ മാത്രമാണ് സംഭവസമയത്ത് ഇവരോടൊപ്പം വീട്ടിലുണ്ടായിരുന്നത്. മകൾ മാറിത്താമസിക്കുകയാണ്. ഇവരുടെ ഇൻസ്റ്റഗ്രാമിലെ ചിത്രങ്ങൾക്ക് താഴെ ഭീഷണി സ്വരത്തിലുള്ള കമന്റുകൾ പ്രതി നേരത്തേ ഇട്ടിരുന്നു. പെൺകുട്ടിയോടുള്ള വൈരാഗ്യത്തിനാണ് നരേൻ പ്രഭുവിനെയും ഭാര്യയെയും മിർസ ടാട്‌ലിക് കൊലപ്പെടുത്തിയതെന്നാണ് വിവരം.
ഇത് വംശീയ വിദ്വേഷ അക്രമമായി കണക്കാക്കിയില്ലെങ്കിലും അമേരിക്കയിൽ ഇന്ത്യാക്കാർക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ച് വരികയാണ്. മാർച്ചിലാണ് ആന്ധ്ര സ്വദേശിയായ ശ്രീനിവാസ് കുചിബോട്‌ല ഒരു ബാറിൽ വച്ച് വെടിയേറ്റ് മരിച്ചത്. ഏപ്രിലിൽ ടെന്നീസെയിലും ഒരു ഇന്ത്യൻ വംശജനായ അമേരിക്കക്കാരൻ കൊല്ലപ്പെട്ടിരുന്നു.