ഫ്ലോറിഡ: യുഎസിൽ പരിശീലന പറക്കലിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് ഇന്ത്യൻ വംശജ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. ഇന്ത്യയിൽനിന്നുളള നിഷ സേജ്‌വാൾ (19), ജോർജ് സാൻചെസ് (22), റാൽഫ് നൈറ്റ് (72) എന്നിവരാണ് മരിച്ചത്. നാലാമതൊരാൾ കൂടി മരിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.
ഇന്നലെ മിയാമിക്കടുത്ത് വച്ചാണ് വിമാനങ്ങൾ കൂട്ടിയിടിച്ചത്. വിമാനങ്ങൾ പരിശീലന പറക്കലിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. രണ്ടു വിമാനങ്ങളും ഓടിച്ചിരുന്നത് ട്രെയിനികളായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മിയാമിയിലെ ഡിയാൻ ഇന്റർനാഷണൽ ഫ്ലൈറ്റ് സ്കൂളിലെ പൈപ്പർ പിഎ-34, സെസ്ന 172 എന്നീ വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്.
2017 സെപ്റ്റംബറിൽ ഇന്ത്യൻ പെൺകുട്ടി സ്കൂളിൽനിന്നും എൻറോൾ ചെയ്തിരുന്നുവെന്ന് പെൺകുട്ടിയുടെ ഫെയ്സ്ബുക്ക് പേജിൽനിന്നും വ്യക്തമാണ്. രണ്ടുപേരുടെ മൃതദേഹങ്ങൾ തകർന്ന വിമാനത്തിന് അകത്തുനിന്നും മൂന്നാമത്തെയാളുടെ മൃതദേഹം തകർന്ന രണ്ടാമത്തെ വിമാനത്തിന് സമീപത്തുമായാണ് കണ്ടെത്തിയത്.
ഒരു വിമാനത്തിൽ പൈലറ്റും ട്രെയിനറും അല്ലെങ്കിൽ ട്രെയിനറും വിദ്യാർത്ഥിയും മറ്റൊരു വിമാനത്തിൽ ട്രെയിനറും വിദ്യാർത്ഥിയും ഉണ്ടെന്നാണ് കുരുതുന്നതെന്ന് മിയാമി പൊലീസ് വക്താവ് പ്രതികരിച്ചു.