ബീജിങ്: ചൈനീസ് ഉൽപ്പന്നങ്ങൾക്ക് തീരുവ വർദ്ധിപ്പിക്കാനുളള ഡോണൾഡ് ട്രംപ് സർക്കാരിന്റെ തീരുമാനത്തിന് പിന്നാലെ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ചൈനയിലും അധികനികുതി പ്രഖ്യാപനം. 50 ബില്യൺ അമേരിക്കൻ ഡോളർ വരെ മൂല്യമുളള ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം ആണ് ഇറക്കുമതി തീരുവ ഏർപ്പെടുത്തിയത്.

ഇതിന് പിന്നാലെയാണ് അമേരിക്ക പ്രഖ്യാപിച്ച അത്രയും തന്നെ നികുതി തങ്ങളും അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് പ്രഖ്യാപിക്കുമെന്ന് ചൈനീസ് തലസ്ഥാനമായ ബീജിങിൽ നിന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

തങ്ങളുടെ വ്യാപാര-സാങ്കേതിക നയങ്ങളുടെ ഭാഗമായി കൂടുതൽ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി ചെയ്യാനുളള നീക്കവും ചൈനീസ് വാണിജ്യ മന്ത്രാലയം ഉപേക്ഷിച്ചു. സോയബീൻ, വിസ്‌കി, ബീഫ്, ഓറഞ്ച് ജ്യൂസ് തുടങ്ങി നിരവധി ചൈനീസ് ഉൽപ്പന്നങ്ങൾക്കാണ് ഇതോടെ അമേരിക്കയിൽ വില വർദ്ധിക്കുക.

ഞങ്ങളൊരു വ്യാപാരയുദ്ധം ആഗ്രഹിച്ചിരുന്നതല്ലെന്നും എന്നാൽ അമേരിക്കയുടെ നിലപാടുകൾ മൂലം അവരുടെ ഉൽപ്പന്നങ്ങൾക്കും അധികനികുതി ഏർപ്പെടുത്താൻ നിർബന്ധിതരായിരിക്കുന്നുവെന്നും ചൈന വിശദീകരിച്ചു. “ഞങ്ങൾ ഉടൻ തന്നെ തുല്യ നികുതി അമേരിക്കൻ ഉൽപ്പന്നങ്ങൾക്കും ഏർപ്പെടുത്തും,” ചൈനീസ് വിദേശകാര്യ മന്ത്രാലയം നയം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook