ന്യൂഡൽഹി: തദ്ദേശീയമായ ഉൽപ്പന്നങ്ങൾക്ക് വിപണിയൊരുക്കാൻ ലക്ഷ്യമിട്ട് അമേരിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവയും വർദ്ധിപ്പിച്ചു. ഇതിന് പിന്നാലെ അമേരിക്കയ്ക്ക് അതേ ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യയും.

അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 30 ഉൽപ്പന്നങ്ങൾക്ക് നൽകിയിരുന്ന നികുതിയിളവാണ് ഇന്ത്യ പിൻവലിച്ചത്. അമേരിക്ക ഏർപ്പെടുത്തിയ അധിക നികുതിക്ക് സമാനമായ നീക്കമാണ് ഇന്ത്യയുടേതും.

അമേരിക്കൻ തീരുമാനം 241 ദശലക്ഷം ഡോളറിന്റെ നഷ്ടമാകും ഇന്ത്യൻ വിപണിയിൽ സൃഷ്ടിക്കുകയെന്നാണ് കണക്കുകൾ പറയുന്നത്. ഇതിന് തുല്യമായ നികുതി വർദ്ധനവാകും ഇന്ത്യയും ഏർപ്പെടുത്തുക. 198.6 ദശലക്ഷം ഡോളർ ഇരുമ്പ് കയറ്റുമതിയെയും 42.4 ദശലക്ഷം ഡോളർ അലുമിനിയം കയറ്റുമതിയെയും ആണ് ബാധിക്കുക.

ലോകത്ത് ഏറ്റവുമധികം സ്റ്റീൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന രാജ്യമാണ് അമേരിക്ക. ഈ വർഷം ആദ്യമാണ് മെക്സിക്കോയും കാനഡയും ഒഴികെ മറ്റെല്ലാ രാജ്യത്ത് നിന്നുമുളള സ്റ്റീൽ ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം മുതൽ 25 ശതമാനം വരെ ട്രംപ് ഭരണകൂടം അധിക നികുതിയേർപ്പെടുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook