വാഷിങ്ടൺ: ഇന്ത്യയിൽ നിന്നുള്ള ടെക്കികളടക്കമുള്ളവർക്ക് ആശ്വാസം നൽകിക്കൊണ്ട് എച്ച് 1 ബി വീസ നയം മാറ്റില്ലെന്ന് ട്രംപ് സർക്കാർ പ്രഖ്യാപിച്ചു. ഇനി വീസ പുതുക്കി നൽകില്ലെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ഇത്തരത്തിലൊരു നീക്കം നടത്തുന്നില്ലെന്ന് അമേരിക്ക വ്യക്തമാക്കിയത്.

കുടിയേറ്റ സേവന വിഭാഗം മാധ്യമ വക്താവ് ജൊനാഥൻ വിതിംഗ്‌ടണാണ് സർക്കാർ നയം വ്യക്തമാക്കിയത്. “എച്ച് 1 ബി വീസയുള്ളവർക്ക് അമേരിക്ക വിട്ട് സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടി വരുന്ന തരത്തിൽ അമേരിക്കൻ പൗരത്വ നിയമത്തിൽ മാറ്റം വരുത്താൻ ഞങ്ങൾ ആലോചിചിട്ടില്ല”, വിതിംഗ്‌ടൺ പറഞ്ഞു.

വീസ കാലാവധി അവസാനിച്ചശേഷം ഗ്രീന്‍ കാര്‍ഡിന് അപേക്ഷിച്ച് കാത്തിരിക്കുന്നവര്‍ രാജ്യം വിടുന്ന തരത്തിൽ തദ്ദേശീയർക്ക് പ്രാധാന്യം നൽകിയുള്ള നയരൂപീകരണത്തിനാണ് ട്രംപ് ഭരണകൂടം ശ്രമിച്ചത്. ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുന്നതായിരുന്നു നടപടി. എന്നാൽ തൽക്കാലം ഈ നടപടിയില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചതോടെ ഇന്ത്യക്കാരായ ടെക്കികൾക്ക് വലിയ ആശ്വാസമായി ഇത്.

മൂന്നുവര്‍ഷമാണ് എച്ച് 1 ബി വീസയുടെ കാലാവധി. ഇത് മൂന്നുവര്‍ഷം കൂടി നീട്ടിക്കിട്ടും. ഇതിനുശേഷം അമേരിക്കന്‍ പൗരത്വമായ ഗ്രീന്‍കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് അത് ലഭിക്കുന്നതുവരെ അമേരിക്കയില്‍ തുടരുകയും ചെയ്യാമെന്ന് ജൊനാഥൻ വിതിംഗ്‌ടൺ പറഞ്ഞു.

പുതിയ പ്രഖ്യാപനം എച്ച് 1 ബി വീസക്കാരുടെ സംഘടനയായ ഇമിഗ്രേഷന്‍ വോയ്സ് സ്വാഗതം ചെയ്തു. അടുത്ത് തന്നെ കാലാവധി അവസാനിക്കുന്ന പത്ത് ലക്ഷത്തോളം ഇന്ത്യക്കാരായ എച്ച് 1 ബി വീസ ഉടമകൾ അമേരിക്കയിലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook