വാ​ഷിങ്ട​ണ്‍ ഡി​സി: അമേരിക്കയിലെ സാമ്പത്തിക പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കണ്ടു. ഫെ​ബ്രു​വ​രി 16 വ​രെ സ​ർ​ക്കാ​ർ ചെ​ല​വി​നു​ള്ള ഫ​ണ്ട് നീ​ട്ടി​നൽകുന്നതിനുളള ബി​ൽ, സെ​ന​റ്റി​ൽ പാ​സാ​യി. പ​തി​നെ​ട്ടി​നെ​തി​രെ 81 വോ​ട്ടു​ക​ൾ​ക്കാ​ണ് ബി​ൽ പാ​സായ​ത്. പ്ര​തി​നി​ധി സ​ഭ​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി ബിൽ ഇനി അ​യ​യ്ക്കും.

കു​ടി​യേ​റ്റ​വി​ഷ​യ​ത്തി​ൽ ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​തെ ബി​ല്ലി​ന് അ​നു​കൂ​ല​മാ​യി വോ​ട്ടു ചെ​യ്യി​ല്ലെ​ന്ന് ഡെ​മോ​ക്രാ​റ്റു​ക​ൾ നി​ല​പാ​ടെ​ടു​ത്ത​താ​ണ് നേരത്തെ പ്രതിസന്ധി സൃഷ്ടിച്ചത്. നേരത്തേ സെനറ്റിൽ ഈ ബിൽ അവതരിപ്പിച്ചപ്പോൾ പരാജയപ്പെട്ടിരുന്നു. പ്ര​സി​ഡന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ക​ടും​പി​ടി​ത്തം കാ​ര​ണം ഫെ​ഡ​റ​ൽ സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ ഭാ​ഗി​ക​മാ​യി സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

നൂ​റം​ഗ സെ​ന​റ്റി​ൽ റി​പ്പ​ബ്ലി​ക്കൻകാ​ർ​ക്കു ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ങ്കി​ലും ഫ​ണ്ട് പാ​സാ​ക്കാ​ൻ വേ​ണ്ട 60 വോ​ട്ടു​ക​ൾ ല​ഭി​ച്ചി​ല്ല. ഫ​ണ്ട് ല​ഭി​ക്കാ​ത്ത​തി​നാ​ൽ വി​ദ്യാ​ഭ്യാ​സം, വാ​ണി​ജ്യം, ഭ​വ​നം, പ​രി​സ്ഥി​തി വ​കു​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം തി​ങ്ക​ളാ​ഴ്ച മു​ത​ൽ നി​ശ്ച​ല​മാ​കു​മെന്ന് ആശങ്കയുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ