വാഷിങ്ടൺ ഡിസി: യുഎസ് പാര്‍ലമെന്റിലേക്ക് ട്രംപ് അനുകൂലികള്‍ അതിക്രമിച്ചു കടന്ന സംഭവത്തിൽ ട്രംപിന്റെ ഫെയ്സ്ബുക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയാണെന്ന് ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ്. ട്രംപിന്റെ പോസ്റ്റുകൾ അപകടകരമാണെന്ന് പറഞ്ഞാണ് വിലക്ക്.അനിശ്ചിത കാലത്തേക്കാണ് ട്രംപിനെ വിലക്കുന്നതെന്ന് സുക്കർബർഗിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

The shocking events of the last 24 hours clearly demonstrate that President Donald Trump intends to use his remaining…

Posted by Mark Zuckerberg on Thursday, 7 January 2021

പാര്‍ലമെന്റിന്റെ ഇരുസഭകളും ചേരുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. ഡോണൾഡ് ട്രംപിന്റെ അനുയായികളും പോലീസും തമ്മിൽ അക്രമാസക്തമായ ഏറ്റുമുട്ടലുകൾ ഉണ്ടായതിനാൽ യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവയ്ക്കുകയും കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു.

അതിക്രമിച്ച് കയറിയ ട്രംപ് അനുകൂലികള്‍ പൊലീസുമായി ഏറ്റുമുട്ടി. പൊലീസ് വെടിവയ്‌പ്പിൽ ട്രംപ് അനുകൂലിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീ കൊല്ലപ്പെട്ടു. പാര്‍ലമെന്റ് സമ്മേളിക്കുന്നതിടെ ഇത്തരമൊരു സുരക്ഷാവീഴ്ച യുഎസ് ചരിത്രത്തില്‍ ഇതാദ്യമാണ്.

നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്തുകടന്നത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ട്രംപിനെ അനുകൂലിക്കുന്നവര്‍ മന്ദിരത്തിന് പുറത്തെത്തുകയും പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് ഇവർ അകത്ത് പ്രവേശിക്കുകയായിരുന്നു.

Read More: ഉത്തരവ് പിൻവലിക്കണം; തിയറ്ററുകളിൽ 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കരുതെന്ന് തമിഴ്നാടിനോട് കേന്ദ്രം

പ്രതിഷേധക്കാരോടു സമാധാനം പാലിക്കാന്‍ അഭ്യര്‍ഥിച്ച ട്രംപ് ജോ ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്നു ആവര്‍ത്തിച്ചു. നേരത്തെ, തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാന്‍ പ്രസിഡന്റ് ട്രംപില്‍നിന്ന് സമ്മര്‍ദമുയര്‍ന്നെങ്കിലും യുഎസ് കോണ്‍ഗ്രസില്‍ ജോ ബൈഡന്റെ വിജയം തടയാന്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സ് തയ്യാറായിരുന്നില്ല.

അക്രമത്തെ അപലപിച്ച് മുൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു. ബുഷ് പ്രസ്താവന പുറത്തിറക്കി. സംഭവം ഹൃദയഭേദകമാണെന്ന് പ്രസ്താവനയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഭവത്തിൽ ലോകമെമ്പാടുമുള്ള നേതാക്കൾ അപലപിച്ചു. ആഗോള നേതൃത്വത്തിനായി ഒരിക്കൽ ആശ്രയിച്ചിരുന്ന ഒരു രാജ്യത്ത് അരാജകത്വമുണ്ടായതിൽ നേതാക്കൾ ഞെട്ടൽ രേഖപ്പെടുത്തി.

“യു‌എസ് കോൺഗ്രസിലെ അപമാനകരമായ രംഗങ്ങൾ” എന്നാണ് തലമുറകളായി അമേരിക്കയുടെ ഏറ്റവും വലിയ സഖ്യകക്ഷിയായ ബ്രിട്ടനിലെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ട്വീറ്റ് ചെയ്തത്. “അമേരിക്ക ലോകമെമ്പാടുമുള്ള ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്നു, സമാധാനപരവും ചിട്ടയുള്ളതുമായ ഒരു അധികാര കൈമാറ്റം നടക്കേണ്ടത് പ്രധാനമാണ്,” എന്ന് അദ്ദേഹം കുറിച്ചു.

മറ്റ് സഖ്യ കക്ഷികളും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു. നിരവധി നേതാക്കൾ ട്രംപിനെ നിശിതമായി വിമർശിച്ചു.

“ട്രംപും അനുയായികളും അമേരിക്കൻ വോട്ടർമാരുടെ തീരുമാനം അംഗീകരിക്കുകയും ജനാധിപത്യത്തെ ചവിട്ടിമെതിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യണം,” ജർമ്മൻ വിദേശകാര്യ മന്ത്രി ഹെയ്‌കോ മാസ് ട്വിറ്ററിൽ കുറിച്ചു. “പ്രകോപനപരമായ വാക്കുകളിൽ നിന്ന് അക്രമാസക്തമായ പ്രവൃത്തികൾ വരുന്നു.” “ജനാധിപത്യ സ്ഥാപനങ്ങളോടുള്ള അവഹേളനം വിനാശകരമായ ഫലങ്ങൾ ഉളവാക്കുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം നവമാധ്യമങ്ങള്‍ ട്രംപിനെതിരെ നടപടിയെടുത്തു. ട്രംപിന്റെ ട്വറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു. 12 മണിക്കൂര്‍ നേരത്തേക്കാണ് മരവിപ്പിച്ചത്. അമേരിക്കയിലെ അക്രമവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ഫേസ്ബുക്ക് നീക്കം ചെയ്തു. ഡോണള്‍ഡ് ട്രംപ് പുറത്തുവിട്ട പ്രകോപനപരമായ വിഡിയോ യൂട്യൂബ് നീക്കം ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook