ന്യൂഡൽഹി: യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് ആശംസകൾ നേർന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വിജയത്തിൽ ജോ ബൈഡന് ആശംസകൾ നേരുന്നു! വൈസ് പ്രസിഡന്റ് ആയിരുന്ന കാലത്ത് ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്താൻ ബൈഡൻ ചെയ്ത കാര്യങ്ങൾ പ്രശംസനീയവും ഏറെ വിലപ്പെട്ടതുമാണ്. ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ കൂടുതൽ ഊഷ്മളവും ശക്തവുമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ കമല ഹാരിസിനെയും പ്രധാനമന്ത്രി അനുമോദിച്ചു. കമല ഹാരിസിന്റെ വിജയം അമേരിക്കയിലെ ഇന്ത്യക്കാർക്ക് അഭിമാനം നൽകുന്നതാണെന്നും മോദി ട്വീറ്റ് ചെയ്തു.
യുഎസിന്റെ 46-ാം പ്രസിഡന്റായാണ് ബെെഡൻ തിരഞ്ഞെടുക്കപ്പെട്ടത്. പെൻസിൽവാനിയയിലും ജയം നേടിയതോടെ ബൈഡൻ പ്രസിഡന്റ് സ്ഥാനമുറപ്പിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ-അമേരിക്കൻ വംശജ കമല ഹാരിസ് അടുത്ത വൈസ് പ്രസിഡന്റാവും. രണ്ട് തവണ യുഎസ് വൈസ് പ്രസിഡന്റായിരുന്നു 74കാരനായ ബൈഡൻ. യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് ബെെഡൻ. ജോസഫ് റോബിനെറ്റ് ബെെഡന് 77 വയസ്സുണ്ട്.
Read Also: ബൈ ബൈ ട്രംപ്; അമേരിക്കയെ നയിക്കാന് ബൈഡന്
പെൻസിൽവാനിയയയിൽ ബൈഡന് 20 ഇലക്ട്രൽ വോട്ട് ലഭിച്ചതോടെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും നിലവിലെ പ്രസിഡന്റുമായ ട്രംപിനെതിരായ ബെെഡന്റെ വിജയം ഉറപ്പിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്ചു. ബൈഡന് ആകെ വോട്ടുകൾ 284 ലഭിച്ചു. പ്രസിഡന്റ് സ്ഥാനം നേടാൻ 270 തിരഞ്ഞെടുപ്പ് വോട്ടുകളാണ് ആവശ്യമുള്ളത്.
താൻ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റാണെന്ന് ബെെഡൻ പറഞ്ഞു. തനിക്ക് വേണ്ടി വോട്ട് ചെയ്തവരുടെയും വോട്ട് ചെയ്യാത്തവരുടെയും പ്രസിഡന്റാണ് താനെന്നും അധികാരത്തിലെത്തുന്ന ആദ്യ ദിവസം മുതൽ കോവിഡ് പ്രതിരോധത്തിനാണ് പ്രാധാന്യം നൽകുകയെന്നും ബെെഡൻ പറഞ്ഞു.