വാഷിങ്ടൺ: ജോ ബൈഡന്റെ സത്യപ്രതിജ്ഞയ്‌ക്ക് കാത്തുനിൽക്കാതെ ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിനോട് വിടചൊല്ലി. എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ ഫ്‌ളോറിഡയിലേക്കാണ് ട്രംപ് പോയത്. ബൈഡന്റെ സത്യപ്രതിജ്ഞ നടക്കുന്ന സമയത്ത് ഫ്‌ളോറിഡയിലെ തന്റെ മാര്‍ ലാഗോ റിസോര്‍ട്ടിലായിരിക്കും ട്രംപ് ഉണ്ടായിരിക്കുക.

“ഇത് ഒരു വലിയ ബഹുമതിയാണ്, ജീവിതകാലത്തെ ഏറ്റവും വലിയ ബഹുമതി. ലോകത്തിലെ ഏറ്റവും മഹത്വമുള്ള ആളുകൾ, ലോകത്തിലെ ഏറ്റവും വലിയ ഭവനം,” അമേരിക്കയെ സേവിക്കാൻ ലഭിച്ച നാല് വർഷക്കാലത്തെ സൂചിപ്പിച്ച് ട്രംപ് പറഞ്ഞു.

“ഞങ്ങൾ അമേരിക്കൻ ജനതയെ സ്നേഹിക്കുന്നു, ഇത് വളരെ സവിശേഷമായ ഒന്നാണ്. എല്ലാവരോടും ഞാൻ യാത്ര പറയാൻ ആഗ്രഹിക്കുന്നു. പക്ഷേ, ഇതൊരു ദീർഘകാലത്തേക്കുള്ള വിട പറച്ചിലല്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമ്മൾ തീർച്ചയായും വീണ്ടും കാണും,” ട്രംപ് പറഞ്ഞു.

Read Also: ഡ്രാഗൺ ഫ്രൂട്ട് ചില്ലറക്കാരനല്ല; അറിഞ്ഞിരിക്കാം ഗുണങ്ങൾ

“ഇക്കഴിഞ്ഞത് അവിശ്വസനീയമായ നാലു വര്‍ഷങ്ങളായിരുന്നു. നാം ഒരുമിച്ച് നിരവധി കാര്യങ്ങള്‍ പൂര്‍ത്തിയാക്കി. നിങ്ങള്‍ക്കു വേണ്ടി ഞാന്‍ എന്നും പോരാടും,” ട്രംപ് പറഞ്ഞു. 150-ല്‍ അധികം വര്‍ഷത്തിനിടെ പിന്‍ഗാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതിരിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്.

അതേസമയം, ഡൊണാൾഡ് ട്രംപ് പുതിയ രാഷ്ട്രീയ പാർട്ടി തുടങ്ങാനുള്ള സാധ്യതയുണ്ടെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. തന്റെ സുഹൃത്തുക്കളുമായി രാഷ്ട്രീയ ഉപദേശകരുമായി ട്രംപ് ഇക്കാര്യത്തിൽ കൂടിയാലോചന നടന്നതായാണ് വാർത്തകൾ. ക്യാപിറ്റോൾ കലാപവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നു തന്നെ ട്രംപിനെതിരെ വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പാർട്ടി രൂപീകരിക്കുന്ന കാര്യം ട്രംപ് ആലോചിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook