വാഷിങ്ടണ്‍: യുഎസ് വ്യോമമേഖലയില്‍ കണ്ടെത്തിയ ചൈനീസ് ചാരബലൂണ്‍ അമേരിക്ക വെടിവച്ചിട്ടു. ഏകദേശം 60,000 അടി ഉയരത്തില്‍ നിന്ന് വീണ ബലൂണിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ അറ്റ്‌ലാന്റക് സമുദ്രത്തില്‍ തെരച്ചില്‍ നടത്തുകയാണെന്ന്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും(എഫ്എഎ) തീരസംരക്ഷണ മേഖലയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ബലൂണ്‍ വെടിവെച്ചിട്ടത്.
ടെലിവിഷന്‍ ഫൂട്ടേജില്‍ ഒരു ചെറിയ സ്‌ഫോടനത്തെ തുടര്‍ന്ന് ബലൂണ്‍ വെള്ളത്തിലേക്ക് വീഴുന്നത് കാണാം. യുഎസ് മിലിട്ടറി ജെറ്റുകള്‍ സമീപത്ത് പറക്കുന്നത് കാണുകയും കപ്പലുകള്‍ വിന്യസിക്കുന്നതും വീണ്ടെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.
സമുദ്രത്തില്‍ മുങ്ങുന്നതിന് മുമ്പ് അവശിഷ്ടങ്ങള്‍ പരമാവധി വീണ്ടെടുക്കാന്‍ ഓപ്പറേഷന്‍ സമയബന്ധിതമാക്കാനാണ് ഉദ്യോഗസ്ഥര്‍ ലക്ഷ്യമിടുന്നത്.
ശനിയാഴ്ച രാവിലെ കരോളിനാസ് തീരത്തോട് അടുത്താണ് ബലൂണ്‍ കണ്ടത്. ഇതേതുടര്‍ന്ന് എഫ്എഎ അഡ്മിനിസ്‌ട്രേഷന്‍, സൗത്ത് കരോലിനയിലെ ചാള്‍സ്റ്റണ്‍, മിര്‍ട്ടില്‍ ബീച്ച്, നോര്‍ത്ത് കരോലിനയിലെ വില്‍മിംഗ്ടണ്‍ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ കരോലിന തീരപ്രദേശത്തെ വ്യോമമേഖല താല്‍ക്കാലികമായി അടച്ചു. എഫ്എഎ പ്രദേശത്ത് നിന്ന് വിമാന ഗതാഗതം തിരിച്ചുവിടുകയും നിയന്ത്രണങ്ങളുടെ ഫലമായി കാലതാമസത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
അതേസമയം അമേരിക്കയുടെ നടപടിയില്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയം ശക്തമായ അതൃപ്തിയും പ്രതിഷേധവും അറിയിച്ചു. ബലൂണ്‍ അമേരിക്കയ്ക്ക് മുകളിലൂടെ അശ്രദ്ധമായി പറന്ന ഒരു സിവിലിയന്‍ വിമാനമാണെന്നും അതിന്റെ സാന്നിധ്യം തികച്ചും ആകസ്മികമാണെന്നും ചൈന വാഷിംഗ്ടണിനോട് ആവര്‍ത്തിച്ച് പറഞ്ഞതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.