വാഷിങ്ടൺ ഡിസി: അമേരിക്കയിലെ നികുതി പരിഷ്‌കരണത്തിൽ വിയോജിച്ച പ്രമുഖ ഇരുചക്രവാഹന നിർമ്മാതാക്കളായ ഹാർലി ഡേവിഡ്‌സണെ ബഹിഷ്‌കരിക്കാനുളള ആഹ്വാനത്തിന് ഡോണൾഡ് ട്രംപിന്റെ പിന്തുണ. ജൂണിലാണ് ട്രംപിന്റെ പുതിയ നികുതി പരിഷ്‌കരണത്തിൽ ഹാർലി ഡേവിഡ്‌സൺ പ്രതിഷേധം അറിയിച്ചത്. പിന്നാലെ യൂറോപ്പിലേക്ക് കയറ്റി അയക്കുന്ന ഇരുചക്ര വാഹനങ്ങളുടെ നിർമ്മാണ യൂണിറ്റ് അമേരിക്കയ്ക്ക് പുറത്തേക്ക് മാറ്റാൻ കമ്പനി തീരുമാനിക്കുകയായിരുന്നു.

സ്വദേശ ഉൽപ്പന്നങ്ങൾക്ക് വിപണി ഒരുക്കുന്നതിനായി അമേരിക്കൻ സർക്കാർ ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ നികുതി വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ യൂറോപ്യൻ യൂണിയനും ഇതേ ഭാഷയിൽ തന്നെ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്തി. നേരത്തെ ചൈനയും ഇന്ത്യയും അടക്കമുളള ലോകരാഷ്ട്രങ്ങളും അമേരിക്കയോട് ഇതേ മട്ടിൽ തന്നെയാണ് പ്രതികരിച്ചത്.

യൂറോപ്യൻ യൂണിയൻ നികുതി വർദ്ധിപ്പിച്ചതോടെ ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾക്ക് വിപണിവില കുതിച്ചുയർന്നു. ഇത് യൂറോപ്പിൽ ഇവരുടെ വിൽപ്പനയെ പ്രതികൂലമായി ബാധിച്ചു. ഇതിന് പിന്നാലെയാണ് ട്രംപ് സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം കമ്പനി ഉയർത്തിയത്.

എന്നാൽ ഹാർലി ഡേവിഡ്‌സൺ കമ്പനി നിർമ്മാണ യൂണിറ്റ് അമേരിക്കയ്ക്ക് പുറത്തേക്ക് കൊണ്ടുപോയാൽ അമേരിക്കയിലുളളവർ പിന്നെ ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾ വാങ്ങില്ലെന്നാണ് ട്രംപ് ട്വിറ്ററിൽ കുറിച്ചത്. ഇതിനെ ട്രംപ് അനുകൂലികൾ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook