വാഷിങ്ടൺ: കൊറോണ വൈറസ് വ്യാപനത്തിന്റെ കേന്ദ്രമായി യുണൈറ്റഡ് സ്റ്റേറ്റ്സ്. 103,798 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച മാത്രം 18,367 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഒരു ലക്ഷത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ച ആദ്യ രാജ്യമായി അമേരിക്ക മാറി.

398 പേര്‍ ഇന്നലെ മരണത്തിന് കീഴടങ്ങി. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1,693 ആയി. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ 138 എണ്ണവും ന്യൂയോര്‍ക്കിലാണ് സംഭവിച്ചത്. ലൂസിയാന (36), ഫ്‌ളോറിഡ (17), മിഷഗണ്‍ (32), വാഷിംഗ്ടണ്‍ (28), കാലിഫോര്‍ണിയ (12), ന്യൂജേഴ്‌സി (27) എന്നിവിടങ്ങളില്‍ പത്തിലേറെ പേര്‍ മരണപ്പെട്ടു. എന്നാല്‍ 2,522 രോഗ വിമുക്തി നേടുകയും ചെയ്തിട്ടുണ്ട്.

രോഗത്തെ നേരിടാനുള്ള രണ്ടു ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് അമേരിക്കന്‍ ജനപ്രതിനിധി സഭ അംഗീകരിച്ചു. ലോകത്തെ ആകെ കൊവിഡ് മരണം 27000 കടന്നിട്ടുണ്ട്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അടിയന്തര സാമ്പത്തിക പാക്കേജിനാണ് ജനപ്രതിനിധി സഭ അംഗീകാരം നല്‍കിയത്.

മുന്‍പ് പ്രഖ്യാപിച്ച ഏതൊരു ഉത്തേജകപാക്കേജുകളേക്കാള്‍ ഇരട്ടിയിലധികം ബൃഹത്താണിതെന്ന് ട്രംപ് പറഞ്ഞു. ഇത് നമ്മുടെ കുടുംബങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ബിസിനസുകള്‍ക്കും അടിയന്തരമായി ലഭിക്കേണ്ട ആശ്വാസം നല്‍കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ആവശ്യമായ വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ ജനറല്‍ മോട്ടോഴ്സിന് (ജിഎം) നിര്‍ദേശം നല്‍കുമെന്ന് ട്രംപ് പറഞ്ഞു.

Read More: കൊറോണ പടർത്താൻ ആഹ്വാനം; ഇൻഫോസിസ് ജീവനക്കാരനെ കമ്പനി പുറത്താക്കി

വാര്‍ഷിക വരുമാനം 75,000 ഡോളറില്‍ താഴെയുള്ള ഓരോ അമേരിക്കക്കാരനും 1,200 ഡോളറും ഓരോ കുട്ടിയുടെ മാതാപിതാക്കള്‍ക്കും 500 ഡോളറും പാക്കേജിന്റെ ഭാഗമായി ലഭിക്കും. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേരിട്ട് പണം നല്‍കുകയും തൊഴിലില്ലായ്മ ആനുകൂല്യം നല്‍കുന്ന പദ്ധതികള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യും. ബിസിനസ് നഷ്ടപ്പെടുന്ന കമ്പനികള്‍ക്ക് വായ്പയും നികുതിയിളവും ബില്‍ വാഗ്ദാനം ചെയ്യുന്നു. പ്രതിരോധം, ശാസ്ത്രഗവേഷണം തുടങ്ങിയവയ്ക്കായി യുഎസ് സര്‍ക്കാര്‍ ചെലവഴിക്കുന്നതിനേക്കാള്‍ കൂടുതലാണ് ഉത്തേജക പാക്കേജിനായി നീക്കിവച്ചിരിക്കുന്നത്.

ന്യൂയോര്‍ക്കില്‍ എല്ലാ ആശുപത്രികളും കൊറോണ രോഗികളെക്കൊണ്ട് നിറഞ്ഞു. എല്ലാ ആശുപത്രികളുടേയും ശേഷി 50 ശതമാനം വര്‍ധിപ്പിക്കണം, ചിലത് 100 ശതമാനം വര്‍ധിപ്പിക്കണമെന്നാണ് അധികൃതര്‍ കണ്ടിട്ടുള്ളത്. ആകെ 140,000 ആശുപത്രി കിടക്കകള്‍ ആവശ്യമാണ്. നിലവില്‍ 53,000 കിടക്കകളാണ് ഉള്ളത്. 40,000 ഐസിയു കിടക്കകളും ആവശ്യമാണ്. കോളേജ് ഡോര്‍മിറ്ററികള്‍, ഹോട്ടലുകള്‍, നഴ്‌സിംഗ് ഹോമുകള്‍ തുടങ്ങി സാധ്യമായ എല്ലാ സ്ഥലങ്ങളും ഏപ്രിലില്‍ ആവശ്യമെങ്കില്‍ ആശുപത്രികളാക്കി മാറ്റും. ഏപ്രില്‍ ഒന്നിന് ശേഷം രണ്ട് ആഴ്ച കൂടി സ്‌കൂളുകള്‍ അടച്ചിടാന്‍ ഉത്തരവിറക്കി.

ഇറ്റലിയില്‍ ആകെ മരണം ഒമ്പതിനായിരം കടന്നിട്ടുണ്ട്. ഒറ്റദിവസം 919 പേരാണ് ഇവിടെ മരിച്ചത്. 190ലേറെ രാജ്യങ്ങളിലായി കൊവിഡ് രോഗികളുടെ എണ്ണം ആറു ലക്ഷത്തോളം എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്നെ രോഗബാധിതനായത് ബ്രിട്ടനില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook