വാഷിങ്ടൺ: കോവിഡ് മഹാമാരിയെ തുടർന്ന് വിറങ്ങലിച്ചു നിൽക്കുമ്പോഴും രാജ്യത്തെ ആരാധനാലയങ്ങൾ തുറന്നുകൊടുക്കാൻ നിർദേശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പള്ളികളും സിനഗോഗുകളും മോസ്കുകളും തുറക്കാന്‍ അനുവദിക്കണമെന്ന് സംസ്ഥാന ഗവർണർമാരോട് ട്രംപ് ആവശ്യപ്പെട്ടു.
പ്രാർത്ഥനയാണ് ഇപ്പോൾ ആവശ്യമെന്നും ആരാധനാലയങ്ങൾ തുറന്നു നൽകണമെന്നും ട്രംപ് പറഞ്ഞു. സംസ്ഥാനങ്ങൾ നിർദേശം പാലിച്ചില്ലെങ്കിൽ പ്രസിഡന്റ് അധികാരം ഉപയോഗിച്ച് നടപടി സ്വീകരിക്കുമെന്നും ട്രംപ് പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുമ്പോഴാണ് ട്രംപിന്റെ പുതിയ തീരുമാനം. നേരത്തെയും ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം ട്രംപ് ഉന്നയിച്ചിരുന്നു. ആരാധനാലയങ്ങൾ തുറന്നാൽ ആളുകൾ കൂട്ടംചേരാനും വൈറസ് വ്യാപനം കൂടുതൽ തീവ്രമാകാനും സാധ്യതയുണ്ട്.
Read Also: ചക്കവീണ് പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചപ്പോൾ കോവിഡ് സ്ഥിരീകരിച്ചു
അതേസമയം, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച ഗോൾഫ് കളി ട്രംപ് പുനരാരംഭിച്ചു. മാർച്ച് എട്ടിനാണ് അവസാനമായി ട്രംപ് ഗോൾഫ് കളിച്ചത്. നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടികളെന്ന് ട്രംപ് വിശദീകരിക്കുന്നു.
കോവിഡ് പ്രതിരോധത്തിൽ ട്രംപ് ഭരണകൂടത്തിന് വീഴ്ച സംഭവിച്ചതായി നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. കോവിഡ് പ്രതിരോധത്തിൽ ട്രംപ് ഭരണകൂടം പരാജയപ്പെട്ടെന്ന് മുൻ പ്രസിഡന്റ് ബരാക് ഒബാമ കുറ്റപ്പെടുത്തിയിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇപ്പോഴത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പരസ്യമായി വിമർശിച്ചാണ് ഒബാമ രംഗത്തെത്തിയത്. കോവിഡ് പ്രതിരോധത്തിനായി ട്രംപ് ഭരണകൂടം അവലംബിച്ച രീതികളെ ‘സമ്പൂർണ ദുരന്ത’മെന്ന് ഒബാമ വിശേഷിപ്പിച്ചു. തന്റെ ഭരണകാലയളവില്‍ വൈറ്റ് ഹൗസില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥരുമായി നടത്തിയ വിഡിയോ കോൺഫറൻസിലാണ് ഒബാമ ട്രംപിനെതിരെ വിമർശനമുന്നയിച്ചത്.
Read Also: ആദ്യമായി ഞാൻ 30 ദിവസം നോമ്പ് പിടിച്ചു: ടൊവിനോ തോമസ്
മറ്റുള്ളവർക്ക് എന്ത് സംഭവിച്ചാലും കുഴപ്പമില്ല, വ്യക്തിപരമായി എനിക്കെന്ത് നേട്ടം ലഭിക്കും എന്നുമാത്രമാണ് ട്രംപ് ആലോചിക്കുന്നതെന്ന് ഒബാമ കുറ്റപ്പെടുത്തി. വെബ് കോളിന്റെ ഓഡിയോ പുറത്തുവന്നതോടെയാണ് ഒബാമയുടെ വിമർശനം പരസ്യമായത്. യാഹൂ ന്യൂസാണ് വെബ് കോൾ സംഭാഷണം പുറത്തുവിട്ടത്. ഇത്തരത്തിലൊരു പ്രതിസന്ധി വരുമ്പോൾ അതിനെ നേരിടാൻ മികച്ച ഭരണകൂടം വേണമെന്ന് ഒബാമ പറഞ്ഞു.
“നൂറ്റാണ്ടിലെ ഏറ്റവും മോശം പ്രതിസന്ധികളിലൂടെ രാജ്യത്തെ നയിക്കുന്നതിൽ ട്രംപ് ഭരണകൂടം പരാജയപ്പെട്ടു. മഹാമാരിയെ നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകി വിട്ടുകൊടുക്കുകയാണ് ട്രംപ് ചെയ്തത്. മികച്ച ഭരണകൂടത്തിന്റെ അഭാവമാണ് ഇപ്പോഴുള്ളത്,” ഒബാമ പറഞ്ഞു.