വാഷിങ്ടൺ: ചൈനയേയും ഇറ്റലിയേയും ഇളക്കിമറിച്ച കൊറോണ അമേരിക്കയേയും വിറപ്പിയ്ക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ19 ബാധിതരുള്ള രാജ്യം അമേരിക്കയായി. 82,400 കേസുകളാണ് അമേരിക്കയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇതോടെ അമേരിക്ക ചൈനയേയും ഇറ്റലിയേയും മറികടന്നു. ചൈനയില്‍ 81,340 രോഗികളും ഇറ്റലിയിൽ 80,500 രോഗികളുമാണുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 16,841 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 1,295 പേര്‍ വൈറസ് ബാധിച്ച് മരിച്ചു. ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. ഇതുവരെ 466 പേരാണ് മരിച്ചത്. വാഷിംഗ്ടണില്‍ 147 പേരും മരിച്ചു.

ഇറ്റലിയിലേയും സ്ഥിതി ഗുരുതരമാണ്. ഇറ്റലിയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 8,215 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ ഇറ്റലിയില്‍ 712 പേരാണ് മരിച്ചത്. ലോകത്തിലെ കോവിഡ് മരണങ്ങളുടെ മൂന്നിലൊന്നും ഇറ്റലിയിലാണ് സംഭവിച്ചിരിക്കുന്നത്. ഇറ്റലിയില്‍ 80,500 രോഗികളാണ് ചികിത്സയിലുള്ളത്.

ലോകത്ത് ആകെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 24,073 ആയി. കൊറോണ ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടക്കുകയും ചെയ്തു. 531,804 പേരാണ് ലോകത്ത് ആകെ കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്. ഇന്ത്യയില്‍ ഇതുവരെ 16 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. രാജ്യത്ത് 694 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ 47 പേര്‍ വിദേശികളാണ്.

കേരളത്തില്‍ ആകെ രോഗം സ്ഥിരീകരിച്ചരുടെ എണ്ണം 137 ആയി. 12 പേര്‍ക്കു രോഗം ഭേദമായി. 126 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഏറ്റവും കുടൂതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. ഇവിടെ 130 പേരാണ് നിലവിൽ കൊറോണ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. കേരളത്തിൽ ഇന്നലെ 19 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ ഒന്‍പതു കണ്ണൂര്‍ ജില്ലക്കാരും മൂന്നു പേര്‍ വീതം കാസര്‍ഗോഡ്, മലപ്പുറം ജില്ലക്കാരുമാണ്. തൃശൂരില്‍ രണ്ടു പേര്‍ക്കും ഇടുക്കിയിലും വയനാട്ടിലും ഓരോ ആള്‍ക്കു വീതവും രോഗം സ്ഥിരീകരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook