ദമാസ്‌കസ്: രാസായുധ ആക്രമണത്തിന്റെ പേരിൽ അമേരിക്ക സിറിയയിൽ നടത്തിയ വ്യോമാക്രമണത്തിനെതിരെ പ്രതിഷേധവുമായി റഷ്യ.

“വീണ്ടും ഞങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്,” അമേരിക്കയിലെ റഷ്യൻ അംബാസഡർ പറഞ്ഞു. “ഇത്തരത്തിലുളള നടപടികൾക്ക് തിരിച്ചടി ഉണ്ടാകുമെന്ന മുന്നറിയിപ്പാണിത്. അതിന്റെ എല്ലാ ഉത്തരവാദിത്വവും വാഷിങ്ടണിനും ലണ്ടനും പാരീസിനും മാത്രമായിരിക്കും,” അദ്ദേഹം വ്യക്തമാക്കി.

“റഷ്യൻ പ്രസിഡന്റിനെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല,” എന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം സിറിയ ആക്രമിക്കുമെന്ന സൂചനകൾ നൽകിയ ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനെ പേരെടുത്ത് പറഞ്ഞാണ് വിമർശിച്ചത്. ഇതാണ് റഷ്യയെ കൂടുതൽ പ്രകോപിപ്പിച്ചത്.

സിറിയയിലെ ബാഷർ അൽ അസദ് ഭരണകൂടത്തിനെതിരെ ദീർഘകാലമായി വിമത പോരാട്ടം ശക്തമാണ്. ജനങ്ങളിൽ വലിയൊരു വിഭാഗം സർക്കാരിനെതിരെ രംഗത്ത് വരികയും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീടിത് സായുധ പോരാട്ടത്തിലേക്ക് എത്തി.

വിമതരെ അമർച്ച ചെയ്യാൻ വിവിധ പ്രദേശങ്ങളിൽ രാസായുധങ്ങൾ ബാഷർ അൽ അസദ് ഭരണകൂടം പ്രയോഗിച്ചിരുന്നു. കുട്ടികളായിരുന്നു ഇതിൽ ഏറെയും ഇരകളായത്. നേരത്തേ തന്നെ അമേരിക്കയും സഖ്യകക്ഷികളും ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

സിറിയയ്ക്ക് റഷ്യയാണ് ഏറ്റവും അധികം പിന്തുണ പ്രഖ്യാപിച്ചിട്ടുളളത്. അമേരിക്കയ്ക്ക് ഒപ്പം ബ്രിട്ടനും ഫ്രാൻസും നിലയുറപ്പിച്ചിട്ടുണ്ട്. ഇന്നലെ അമേരിക്കയുടെ വിമാനവാഹിനി കപ്പൽ ഉപയോഗിച്ചായിരുന്നു സിറിയക്കെതിരെ ആക്രമണം നടത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook