ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരെ സുസ്ഥിരവും സുതാരവ്യവും മാറ്റമില്ലാത്തതുമായ നടപടികള്‍ സ്വീകരിക്കാന്‍ പാക്കിസ്ഥാനോട് അമേരിക്ക. മാത്രമല്ല, ഇനി ഇന്ത്യയ്‌ക്കെതിരെ ഒരു ഭീകരാക്രമണം നടന്നാല്‍ അത് അത്യന്തം പ്രശ്‌നമാകുമെന്നും മുന്നറിയിപ്പ് നല്‍കി.

‘ഭീകര സംഘടനകള്‍ക്കെതിരെ, പ്രധാനമായും ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ പോലുള്ളവര്‍ക്കെതിരെ പാക്കിസ്ഥാന്‍ സുസ്ഥിരമായ നടപടികള്‍ കൈക്കൊള്ളുന്നത് നമുക്ക് കാണണം. അതിര്‍ത്തികളില്‍ സംഘർഷങ്ങൾ നടക്കുന്നില്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്,’ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘പാക്കിസ്ഥാന്‍ നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ ഇനിയും ഈ സംഘടനകളുടെ ഭാഗത്തു നിന്നും എന്തെങ്കിലും പ്രകോപനം ഉണ്ടായാല്‍ അത് പാക്കിസ്ഥാന് കൂടുതല്‍ പ്രശ്‌നം ഉണ്ടാക്കും. ഇത് സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കും. രണ്ടു രാജ്യങ്ങള്‍ക്കും ആ അവസ്ഥ അപകടകരമാണ്,’ അദ്ദേഹം പറഞ്ഞു.

അതേസമയം, ജയ്‌ഷെ തലവന്‍ മസൂദ് അസ്ഹറിന്റെ ആസ്തികള്‍ മരവിപ്പിക്കാന്‍ ഫ്രാന്‍സ് തീരുമാനിച്ചു. ഫ്രഞ്ച് ആഭ്യന്തര വകുപ്പും ധനവകുപ്പും വിദേശകാര്യ വകുപ്പും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം യുഎന്‍ രക്ഷാസമിതിയില്‍ ചൈന എതിര്‍ത്തിരുന്നു. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണച്ചെങ്കിലും ചൈന എതിര്‍പ്പറിയിക്കുകയായിരുന്നു. അതിന് പിന്നാലെയാണ് മസൂദ് അസ്ഹറിന്റെ ആസ്തികള്‍ മരവിപ്പിക്കാനുള്ള ഫ്രാന്‍സിന്റെ നീക്കം.

മസൂദ് അസ്ഹറിനെതിരെ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ഉപരോധങ്ങളെ കുറിച്ച് പരിശോധിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടാണ് ചൈന യുഎന്‍ പ്രമേയത്തെ എതിര്‍ത്തത്. പ്രമേയം അവതരിപ്പിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പാണ് വീറ്റോ അധികാരമുള്ള ചൈന തടസവാദം ഉന്നയിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചൈന ഇതിന് മുന്‍പും അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ എതിര്‍ത്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook