ന്യൂയോർക്ക്: രഹസ്യ രേഖകൾ ഓൺലൈനിൽ ചോർന്ന സംഭവത്തിൽ യുഎസ് എയർ നാഷണൽ ഗാർഡിലെ ഇരുപത്തിയൊന്നുകാരനായ ജാക്ക് ഡഗ്ലസ് ടെയ്‌സെയ്‌റയെ എഫ്ബിഐ അറസ്റ്റ് ചെയ്തു. മസാച്യുസെറ്റ്‌സിലെ ഡൈട്ടണിലുള്ള ഇയാളുടെ വീട്ടിൽനിന്നാണ് അറസ്റ്റിലായത്.
ടെയ്‌സെയ്‌റയുടെ സർവീസ് റെക്കോർഡ് പ്രകാരം മസാച്യുസെറ്റ്‌സിലെ ഓട്ടിസ് എയർ നാഷണൽ ഗാർഡ് ബേസിൽ ഒന്നാം ക്ലാസ് എയർമാൻ ആയിരുന്നു. 2019 ൽ എയർ നാഷണൽ ഗാർഡിൽ ചേർന്ന ടെയ്‌സെയ്‌റ സൈബർ ട്രാൻസ്പോർട്ട് സിസ്റ്റംസ് ജേർണിമാൻ അല്ലെങ്കിൽ ഒരു ഐടി സ്പെഷ്യലിസ്റ്റായി ജോലി ചെയ്തു.
യുക്രൈനിലെ റഷ്യൻ അധിനിവേശവും മറ്റ് രാജ്യാന്തര വിഷയങ്ങളും സംബന്ധിച്ച പെന്‍റഗണിലെ ക്ലാസിഫൈഡ് ഡോക്യുമെന്‍റുകളാണു ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. ന്യൂയോർക്ക് ടൈംസാണ് രേഖകൾ ചോർന്നത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. നൂറിലധികം രഹസ്യരേഖകളാണ് ചോർന്നതെന്നാണ് വിവരം.
ഇസ്രയേൽ, ദക്ഷിണ കൊറിയ, തുർക്കി എന്നിവയുൾപ്പെടെയുള്ള സഖ്യകക്ഷികളെ കുറിച്ചുള്ള വിവരങ്ങളും വിവിധ രാജ്യങ്ങളുമായ ബന്ധപ്പെട്ട രഹസ്യാന്വേഷണ രേഖകളും ചോർന്നവയിൽ ഉൾപ്പെടുന്നു. ഈ സംഭവം യുഎസിനെ രാജ്യാന്തര തലത്തിൽതന്നെ നാണം കെടുത്തിയിരുന്നു.
2010-ൽ വിക്കിലീക്‌സ് വെബ്‌സൈറ്റിൽ 7,00,000-ലധികം രേഖകളും വീഡിയോകളും നയതന്ത്ര വിഷയങ്ങളും പ്രത്യക്ഷപ്പെട്ടതിന് ശേഷമുള്ള ഏറ്റവും ഗുരുതരമായ സുരക്ഷാ ലംഘനമാണ് ഇപ്പോഴുണ്ടായത്.