മോണ്ടെവിഡ്യോ: തെക്കേ അമേരിക്കൻ രാജ്യമായ ഉറുഗ്യേയില്‍ കഞ്ചാവ് വില്‍പന നിയമവിധേയമാക്കി. അടുത്ത ആഴ്ച്ചയോടെ രാജ്യത്തെ 16 ഫാര്‍മസികളിലാണ് കഞ്ചാവ് ലഭ്യമാകുക. കഞ്ചാവ് വേണ്ടവര്‍ ആദ്യം തന്നെ ഉപഭോക്താക്കളായി രജിസ്റ്റര്‍ ചെയ്യണം. ഇതുവരെയും അയ്യായിരത്തോളം പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്.
ജൂലൈ 19 മുതല്‍ അഞ്ച് ഗ്രാം അളവില്‍ ഉത്പന്നം ലഭ്യമാകുമെന്ന് മയക്കുമരുന്ന് നിയന്ത്രണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. രജിസ്ർ ചെയ്തിരിക്കുന്ന ഉപഭോക്താക്കൾക്ക് പ്രതിമാസം ഗ്രാമിന് 1.30 ഡോളർ വച്ച് 40 ഗ്രാം വരെ വാങ്ങാം. രാജ്യത്തെ 16 ഫാര്‍മസികളുടെ വിവരങ്ങളും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. സുരക്ഷാ മുന്നറിയിപ്പോട് കൂടിയുളളതായിരിക്കും ഉത്പന്നത്തിന്റെ പാക്കറ്റ്. മയക്കുമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
2013ലെ നിയമപ്രാബല്യത്തിലൂടെ ക്ലബ്ബുകളില്‍ കഞ്ചാവ് ഉപയോഗിക്കാനും പൗരന്മാര്‍ക്ക് സ്വന്തമായി കഞ്ചാവ് വളര്‍ത്താനും സര്‍ക്കാര്‍ അനുമതി നല്‍കുന്നുണ്ട്. നേരത്തേ ഇസ്രയേലിലും കഞ്ചാവ് വില്‍പന നിയമവിധേയമാക്കാനുളള ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. എന്നാല്‍ ചില കോണുകളില്‍ നിന്നുളള പ്രതിഷേധത്തെ തുടര്‍ന്ന് കഞ്ചാവ് ഉപയോഗിക്കുന്നവര്‍ക്കുള്ള ശിക്ഷയില്‍ ഇളവ് നല്‍കി കൊണ്ട് സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തുകയായിരുന്നു.
കഞ്ചാവ് ഉപയോഗിക്കുന്നവരെ അറസ്റ്റ് ചെയ്യുകയോ വിചാരണ ചെയ്യുകയോ ചെയ്യുന്നതിന് പകരം പിഴ ഈടാക്കാനായിരുന്നു നിയമ വന്നത്. പിഴയായി ലഭിക്കുന്ന പണം ലഹരിക്കെതിരായ പ്രചരണങ്ങള്‍ക്കും, ചികിത്സാ സംബന്ധമായ സഹായങ്ങള്‍ക്കുമാണ് ഇസ്രയേല്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്നത്.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും പല യൂറോപ്യന്‍ രാജ്യങ്ങളിലും കഞ്ചാവ് കേസില്‍ പിടിയിലായവര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ഇതിന് സമാനമായ നടപടിയായിരുന്നു ഇസ്രയേലും കൈക്കൊണ്ടത്. അലാസ്ക, കാലിഫോര്‍ണിയ തുടങ്ങി അമേരിക്കയിലെ 28 സംസ്ഥാനങ്ങളിലും ജര്‍മനി അടക്കമുള്ള യൂറോപ്പിലെ ചില രാജ്യങ്ങളിലും വൈദ്യശാസ്ത്ര ആവശ്യത്തിന് കഞ്ചാവ് ഉപയോഗിക്കുന്നതിന് അനുമതിയുണ്ട്. മൾട്ടിപ്പിൾ സ്ക്ലീറോസിസ് പോലുള്ള ഗുരുതര രോഗങ്ങൾ, നിരന്തരമായ വേദന, ഗുരുതരമായ വിശപ്പില്ലായ്മ, കീമോതെറാപ്പി കാരണമുള്ള തലചുറ്റൽ തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നവർക്കാണ് കഞ്ചാവ് ഡോക്ടർമാർ നിർദ്ദേശിക്കാറുള്ളത്.