മുംബൈ: നടി ഊർമിള മതോന്ദ്കർ കോൺഗ്രസിൽനിന്നും രാജിവച്ചു. അഞ്ചു മാസം മുൻപാണ് ഊർമിള കോൺഗ്രസിൽ ചേർന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുംബൈ നോർത്തിൽനിന്നും ഊർമിള കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

”ഞാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽനിന്നും രാജിവച്ചു. മുൻ മുംബൈ കോൺഗ്രസ് പ്രസിഡന്റ് മിലിന്ദ് ദിയോറയ്ക്ക് മേയ് 16 ന് അയച്ച കത്തിന് അനുസൃതമായി യാതൊരു നടപടിയും സ്വീകരിച്ചില്ല. ഞാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും യാതൊന്നും നടക്കാതെ വന്നതോടെയാണ് രാജിയെക്കുറിച്ച് ഞാൻ ആദ്യം ചിന്തിച്ചത്. അതിനുശേഷം, അതീവ രഹസ്യാത്മകമായ കത്ത് മാധ്യമങ്ങൾക്ക് ചോർത്തി കൊടുത്തു, ഇത് എന്നെ സംബന്ധിച്ചിടത്തോളം നഗ്നമായ വഞ്ചനയാണ്. പാർട്ടിയിൽ നിന്നുള്ള ആരും ക്ഷമ ചോദിക്കുകയോ അതേക്കുറിച്ച് എന്നോട് ആശങ്കപ്പെടുകയോ ചെയ്തില്ല,” രാജിക്കത്തിൽ ഊർമിള വ്യക്തമാക്കി.

മുംബൈ നോർത്തിലെ ഐ‌എൻ‌സിയുടെ മോശം പ്രകടനത്തിന് കാരണക്കാരായ എന്റെ കത്തിൽ പ്രത്യേകം പരാമർശമുളള ചില വ്യക്തികളെ അവരുടെ പ്രവൃത്തികൾ കണക്കിലെടുത്ത് ഒഴിവാക്കുന്നതിനു പകരം പുതിയ സ്ഥാനങ്ങൾ നൽകിയെന്നും ഊർമിള രാജിക്കത്തിൽ പറയുന്നു.

Read Also: 10 വർഷങ്ങൾക്കുശേഷം ഊർമിള മടങ്ങിയെത്തി, ആരാധകർ നിരാശയിൽ

ജൂലൈയിൽ, മുതിർന്ന സഹപ്രവർത്തകനായ സഞ്ജയ് നിരുപത്തിന്റെ വിശ്വസ്ത സഹായികളെ വിമർശിച്ച് ഊർമിള മതോന്ദ്കർ എഴുതിയ കത്ത് പാർട്ടിയുടെ സ്റ്റേറ്റ് യൂണിറ്റിൽ വാക്കുതർക്കത്തിന് കാരണമായിരുന്നു. ഏതാനും ദിവസങ്ങൾക്ക് ശേഷം അന്നത്തെ പാർട്ടിയുടെ മുംബൈ മേധാവി മിലിന്ദ് ദിയോറ രാജിവച്ചു.

ദിയോറയ്ക്ക് ഊർമിള അയച്ച കത്തിൽ നിരുപമിന്റെ അടുത്ത അനുയായികളായ സന്ദേഷ് കോണ്‌വിൽക്കറിന്റെയും ഭുഷാൻ പാട്ടിലിന്റെയും പെരുമാറ്റത്തെ വിമർശിച്ചിരുന്നു. പ്രാദേശിക തലത്തിൽ ഏകോപനത്തിൽ പാർട്ടി നേതൃത്വത്തിന്റെ പരാജയവും, താഴെത്തട്ടിൽനിന്നും പ്രവർത്തകരെ ഏകോപിക്കുന്നതിലെ പാളിച്ചകളും, രണ്ടു ക്യാംപെയിൻ കോർഡിനേറ്റർമാരും തനിക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടതായും കത്തിൽ ഊർമിള പറഞ്ഞിരുന്നു.

കോൺഗ്രസ് നേതാവും മുൻ എംപിയുമായ സഞ്ജയ് നിരുപത്തിന് വാഗ്‌ദാനം ചെയ്ത സീറ്റായിരുന്നു മുംബൈ നോർത്ത്. സഞ്ജയ് നിരുപം സീറ്റ് നിഷേധിച്ചതോടെയാണ് ഊർമിളയെ പകരക്കാരിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. പക്ഷേ തിരഞ്ഞെടുപ്പിൽ ഊർമിള പരാജയപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook