ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേഘ സിദ്ധാന്തം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തിയ ചിരിയുടെ അലയൊലികള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കന്മാരും ട്രോളന്മാരുമടക്കം നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇതിനിടെ മോദിയെ വ്യത്യസ്തമായ രീതിയില്‍ പരിഹസിച്ചിരിക്കുകയാണ് നോര്‍ത്ത് മുംബൈയിലെ കോണ്‍ഗ്രസ് സ്ഥാനാർഥിയായ ഊര്‍മിള മതോദ്കര്‍.
തന്റെ വളര്‍ത്തു നായക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു ഊര്‍മിളയുടെ പരിഹാസം. ”കാര്‍ മേഘമില്ലാത്ത ആകാശത്തിന് ദൈവത്തിന് നന്ദി. എന്റെ വളര്‍ത്തു നായ റോമിയോയ്ക്ക് റഡാര്‍ സിഗ്നലുകള്‍ കൃത്യമായി ലഭിക്കും” എന്നായിരുന്നു ഊര്‍മിളയുടെ ട്വീറ്റ്. മോദിയുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ട്രോളിന്റെ ലക്ഷ്യം മോദി തന്നെയാണ്. ബാലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് മോദി ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശമാണ് പരിഹാസത്തിന് കാരണമായി മാറിയത്.
Thank God for the clear sky and no clouds so that my pet Romeo’s ears can get the clear RADAR signals pic.twitter.com/lbgtmIo59L
— Urmila Matondkar (@OfficialUrmila) May 13, 2019
മോശം കാലാവസ്ഥയില്‍ പാക്കിസ്ഥാന്റെ റഡാറില്‍ നിന്നും ഇന്ത്യന്‍ വിമാനങ്ങളെ മറയ്ക്കാന്‍ അപ്പോഴുണ്ടായിരുന്ന മേഘങ്ങള്‍ക്കും മഴയ്ക്കും കഴിയുമെന്ന് താനാണ് പറഞ്ഞ് കൊടുത്തത് എന്നാണ് മോദി അഭിമുഖത്തില്‍ പറഞ്ഞത്. മോദിയുടെ ഈ അശാസ്ത്രീയമായ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിന് കാരണമായിട്ടുണ്ട്. റഡാറുകള്‍ക്ക് മേഘങ്ങള്‍ക്കിടയിലൂടെ വസ്തുക്കളെ തിരിച്ചറിയാന്‍ കഴിയുമെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് മോദിക്കെതിരെ പരിഹാസം ഉയരുന്നത്.
‘എനിക്ക് ശാസ്ത്രമൊന്നും അറിയില്ല. രാത്രി 9.30 ഓടെ ഞാന്‍ വ്യോമാക്രമണത്തിനുളള കാര്യങ്ങള്‍ അവലോകനം ചെയ്തു. 12 മണിയോടെ വീണ്ടും പരിശോധിച്ചു. കാലാവസ്ഥ പെട്ടെന്ന് മോശമായത് ആയിരുന്നു ഞങ്ങള്‍ക്ക് മുമ്പിലുണ്ടായിരുന്ന പ്രശ്നം. അന്ന് ഒരുപാട് മഴ പെയ്തത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. എന്നെ ചീത്ത പറയുന്ന പണ്ഡിതന്മാരൊന്നും ഇത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല (ചിരിച്ച് കൊണ്ട് മോദി പറയുന്നു). ഈ കാലാവസ്ഥയില്‍ എന്തു ചെയ്യും എന്നാണ് ഞങ്ങള്‍ അപ്പോള്‍ ചിന്തിച്ചത്. മേഘങ്ങളുണ്ട്, മഴയുമുണ്ട്. മറ്റൊരു ദിവസം ആക്രമണം നടത്താമെന്നാണ് വിദഗ്ധര്‍ പറഞ്ഞത്,’ മോദി അഭിമുഖത്തില്‍ പറയുന്നു.
Here is the clip of #EntireCloudCover pic.twitter.com/ePsAyQTmYi
— Ankur Bhardwaj (@Bhayankur) May 11, 2019
‘എന്റെ മനസില്‍ അപ്പോള്‍ രണ്ട് കാര്യങ്ങളാണ് ആശങ്കപ്പെടുത്തിയത്. ഒന്ന് ഇതിന്റെ രഹസ്യസ്വഭാവം, മറ്റൊന്ന് എനിക്ക് ഈ ശാസ്ത്രമൊന്നും അറിയില്ല എന്ന കാര്യവും. പക്ഷെ ഞാന്‍ ചിന്തിച്ചത് മറ്റൊന്നാണ്. അന്ന് മേഘങ്ങളും മഴയും ഉണ്ടായിരുന്നു. അതുകൊണ്ട് നമുക്ക് റഡാറില്‍ നിന്നും രക്ഷപ്പെടാമെന്നാണ് ഞാന്‍ ചിന്തിച്ചത്. എല്ലാവരും ആശയക്കുഴപ്പത്തില്‍ ആയിരുന്ന സമയം ഞാന്‍ പറഞ്ഞു…മേഘങ്ങളുണ്ട്, ഓപ്പറേഷനുമായി മുന്നോട്ട് പോകൂ, അങ്ങനെ അവര്‍ ആരംഭിച്ചു,’ എന്നായിരുന്നു മോദിയുടെ വാക്കുകള്‍.
റഡാറുകളുടെ പ്രവര്‍ത്തനം എങ്ങനെയെന്നത് സംബന്ധിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് അറിവില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നു. ഇതിന് പിന്നാലെ മോദിയുടെ വിപ്ലവകരമായ ശാസ്ത്ര സിദ്ധാന്തം എന്ന രീതിയില്‍ ബിജെപി ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും ബിജെപി ഗുജറാത്ത് ട്വിറ്റര്‍ അക്കൗണ്ടിലും പ്രസ്താവന അതേ പടി ട്വീറ്റ് ചെയ്യുകയും ചെയ്തു. തൊട്ടുപിറകെ തന്നെ വ്യാപകമായി പരിഹാസവും വിമര്‍ശനവും പോസ്റ്റിന് താഴെ വന്നു. ഇതിന് പിന്നാലെ ഈ പോസ്റ്റ് അപ്രത്യക്ഷമാവുകയും ചെയ്തു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook