ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരുമായുള്ള ഭിന്നത രൂക്ഷമായതോടെ റിസർവ്വ് ബാങ്ക് ഗവര്‍ണര്‍ പദവിയില്‍ നിന്ന് ഊര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ആര്‍ബിഐക്ക് മേല്‍ പ്രത്യേക അധികാരം ഉപയോഗിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ തുടര്‍ന്നാണ് ഊര്‍ജിത് പട്ടേലിന്റെ നീക്കം. വന്‍കിട വായ്പ തട്ടിപ്പ് കൂടിയ പശ്ചാത്തലത്തില്‍ സാമ്പത്തിക അച്ചടക്ക നടപടികള്‍ ആര്‍ബിഐ ശക്തിപ്പെടുത്തിയിരുന്നു. ഇത് മയപ്പെടുത്താന്‍ കേന്ദ്രം നിർദ്ദേശിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. പ്രവര്‍ത്തന സ്വാതന്ത്ര്യം വേണമെന്നാണ് ആര്‍ബിഐ നിലപാട്.

ഇതിനെ കുറിച്ച് ആര്‍ബിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം കേന്ദ്രം ആര്‍ബിഐ ആക്ടിലെ സെക്ഷന്‍ 7 ചുമത്തി കൂടുതല്‍ അധികാരം ഏര്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരം ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ആര്‍ബിഐയ്ക്ക് മേല്‍ സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് സെക്ഷന്‍ 7.

ബാങ്കിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെക്കുറിച്ചും സ്വയംഭരണത്തെക്കുറിച്ചും കഴിഞ്ഞ വെള്ളിയാഴ്ച ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ പ്രസംഗിച്ചതോടെയാണ്‌ പ്രതിസന്ധി മറനീക്കി പുറത്തു വന്നത്. ഇതിന് രൂക്ഷമായ മറുപടിയായി രംഗത്തുവന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, 2008-2014 കാലഘട്ടത്തില്‍ ആര്‍ബിഐ നിരവധി വായ്പകള്‍ അനുവദിക്കുകയായിരുന്നുവെന്നും ഇപ്പോഴത്തെ ഈ കിട്ടാക്കട പ്രതിസന്ധിക്ക് മറ്റാരെയും കുറ്റപ്പെടുത്താനാവില്ലെന്നുമായിരുന്നു വ്യക്തമാക്കിയത്.

ഇതോടെ, നരേന്ദ്ര മോദി സര്‍ക്കാരും ആര്‍ബിഐയും തമ്മിലുള്ള ശീതസമരം കൂടുതല്‍ ശക്തമാവുകയും ചെയ്തു. ആര്‍ബിഐയെ നേരിട്ടു കുറ്റപ്പെടുത്തിക്കൊണ്ടുള്ള ജെയ്‌റ്റിയുടെ പരമാര്‍ശങ്ങള്‍ പട്ടേലിനും ആര്‍ബിഐ നേതൃത്വത്തിലും കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook