ന്യൂഡൽഹി: വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ ഡിജിസിഎ എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി. ന്യൂയോർക്ക്-ഡൽഹി വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. എയര്‍ ഇന്ത്യയുടെ ഡയറക്ടര്‍ ഇന്‍ ഫ്ലൈറ്റിന് മൂന്നുലക്ഷം രൂപ പിഴ ചുമത്തി.
ന്യൂയോര്‍ക്ക്-ഡല്‍ഹി വിമാനത്തില്‍ യാത്രക്കാരിക്കുമേല്‍ മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്രയ്ക്ക് നാല് മാസത്തേക്ക് എയര്‍ ഇന്ത്യ യാത്രാ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ മാസമാദ്യമാണ് മുംബൈ സ്വദേശിയായ മിശ്രയെ ബെംഗളൂരുവിൽനിന്നും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ശങ്കര്‍ മിശ്ര തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചിരുന്നു.
പരാതിക്കാരി സ്വയം മൂത്രമൊഴിച്ചതായാണ് ശങ്കര്‍ മിശ്ര കഴിഞ്ഞയാഴ്ച ഡല്‍ഹി കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഈ ആരോപണങ്ങള്‍ വ്യാജവും അപകീര്‍ത്തികരവുമാണെന്ന് പരാതിക്കാരിയുടെ പ്രതികരണം. സംഭവത്തില്‍ ജനുവരി 11 ന് കോടതി ശങ്കര്‍ മിശ്രയ്ക്ക് ജാമ്യം നിഷേധിച്ചിരുന്നു.
ന്യൂയോര്‍ക്കില്‍നിന്നു ഡല്‍ഹിയിലേക്കുള്ള വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ നവംബര്‍ 26നാണു സംഭവം നടന്നത്. മദ്യപിച്ച് ലക്കുകെട്ട് ശങ്കർ മിശ്ര സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചുവെന്നാണ് ആരോപണം.
മൂത്രം ദേഹത്തുവീണ വയോധിക സംഭവം ചൂണ്ടിക്കാട്ടി പിന്നീട് എയര്‍ ഇന്ത്യ ഗ്രൂപ്പ് ചെയര്മാന് എന്‍ ചന്ദ്രശേഖരന് കത്തയയ്ക്കുകയായിരുന്നു.
”എന്റെ വസ്ത്രങ്ങളും ചെരുപ്പുകളും ബാഗും പൂര്‍ണമായും മൂത്രത്തില്‍ കുതിര്‍ന്നിരുന്നു. തുടര്‍ന്നു, വിമാനത്തിലെ പരിചാരികയെത്തി മൂത്രത്തിന്റെ മണം ബോധ്യപ്പെടുകയും ബാഗിലും ഷൂസിലും അണുനാശിനി തളിക്കുകയും ചെയ്തു. ബാഗില്‍ പാസ്പോര്‍ട്ടും യാത്രാ രേഖകളും കറന്‍സിയും മറ്റു സാധനങ്ങളുമുണ്ടായിരുന്നു. ഇവ പരിശോധിക്കുന്നതിനായി എന്നെ സഹായിക്കാന്‍ പരിചാരികയോട് ആവശ്യപ്പെട്ടു. അവള് ആദ്യം ബാഗില്‍ തൊടാന്‍ വിസമ്മതിച്ചു. ഞാന്‍ ബാഗ് വൃത്തിയാക്കാന്‍ തുടങ്ങിയപ്പോള്‍, അവള് സഹായിക്കാന്‍ തുടങ്ങി,” കത്തില്‍ പറയുന്നു.
”ഷൂസ് ബാത്ത്റൂമില്‍ പോയി സ്വയം വൃത്തിയാക്കാന്‍ എന്നോട് പരിചാരിക ആവശ്യപ്പെട്ടു. എനിക്ക് മാറാനായി ഒരു സെറ്റ് പൈജാമയും ഡിസ്പോസിബിള്‍ സ്ലിപ്പറുകളും അവര്‍ തന്നു. അതു മാറിയശേഷം ഏകദേശം 20 മിനിറ്റോളം ഞാന്‍ ടോയ്ലറ്റിനു സമീപം നിന്നു. സീറ്റ് മാറ്റ് മാറ്റിനല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ലഭ്യമല്ലെന്ന മറുപടിയാണു കിട്ടിയത്,” കത്തില്‍ പറയുന്നു.