സിവിൽ സർവീസ് പരീക്ഷ: ഒന്നാം റാങ്ക് ശുഭം കുമാറിന്, തൃശൂർ സ്വദേശി മീരയ്ക്ക് ആറാം റാങ്ക്

മലയാളികളായ മിഥുൻ പ്രേംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായർ പതിനാലാം റാങ്കും നേടി

സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയ കെ മീരയെ മന്ത്രി കെ രാജൻ വിട്ടിലെത്തി അഭിനന്ദിക്കുന്നു

ന്യൂഡൽഹി: 2020ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ജാഗ്രതി അവസ്തി രണ്ടാം റാങ്കും അങ്കിത ജെയിൻ മൂന്നാം റാങ്കും നേടി. തൃശൂർ കോലാഴി സ്വദേശിനിയായ മീര കെ ആറാം റാങ്ക് കരസ്ഥമാക്കി.

മലയാളികളായ ഡോ. മിഥുൻ പ്രേംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായർ പതിനാലാം റാങ്കും നേടി. ഇവരെ കൂടാതെ പി ശ്രീജ (20), അപർണ്ണ രമേശ് (35), അശ്വതി ജിജി (41), നിഷ (51), വീണ എസ് സുധൻ (57), അപർണ്ണ എം ബി (62) ,പ്രസന്നകുമാർ (100), ആര്യ ആർ നായർ (113),  കെഎം പ്രിയങ്ക (121),  ദേവി പി (143), അനന്തു ചന്ദ്രശേഖർ (145), എ ബി ശില്പ (147), രാഹുൽ എൽ നായർ (154), രേഷ്മ എഎൽ (256),  അർജുൻ കെ (257) എന്നിവരാണ് റാങ്ക് പട്ടികയിലുള്ള മറ്റ് മലയാളികൾ.  

തൃശ്ശൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും 2016ൽ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ മീര അതിനു ശേഷമാണ് ആദ്യമായി സിവിൽ സർവീസ് പരീക്ഷ എഴുതിയത്. വിവിധയിടങ്ങളിൽ ഐഎഎസ് പരിശീലനം നടത്തിയ മീരയുടെ നാലാമത്തെ പരിശ്രമത്തിലാണ് റാങ്ക് നേട്ടം. കണ്ണൂളി വീട്ടില്‍ രാമദാസിന്റെയും രാധികയുടെയും മകളാണ്. വൃന്ദയാണ് സഹോദരി.

മുഖ്യമന്ത്രി പിണറായി വിജയൻ മീരയെ ഫോണിലൂടെ അഭിനന്ദനം അറിയിച്ചു. മന്ത്രി കെ. രാജനും സേവ്യര്‍ ചിറ്റിലപ്പള്ളിയും മുന്‍ റാങ്ക് ജേതാക്കളായ കലക്ടർ ഹരിത വി കുമാറും മുന്‍ സബ് കലക്ടറായിരുന്ന രേണുക രാജും വീട്ടിൽ എത്തി അഭിനന്ദിച്ചു. രമേശ് ചെന്നിത്തല, എകെ ആന്റണി, മന്ത്രി കെ രാധാകൃഷ്ണന്‍ എന്നിവരും അഭിനന്ദനം അറിയിച്ചു. തൃശൂർ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും മീരയെ വീട്ടിലെത്തി അനുമോദിച്ചു.

പരീക്ഷയിൽ വിജയിച്ച മറ്റു വിദ്യാർത്ഥികളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. “സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ മികച്ച നേട്ടമാണ് കേരളത്തിൽ നിന്നുള്ള മത്സരാർത്ഥികൾ കരസ്ഥമാക്കിയത്. ആദ്യ നൂറു റാങ്കുകളിൽ പത്തിലേറെ മലയാളികൾ ഉണ്ടെന്നത് അതീവ സന്തോഷകരമാണ്. നാടിൻ്റെ നന്മയ്ക്കായി ആത്മാർത്ഥമായി സേവനം ചെയ്യാൻ ഏവർക്കും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. എല്ലാവർക്കും ആശംസകൾ നേരുന്നു.” മുഖ്യമന്ത്രി അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.

പന്ത്രണ്ടാം റാങ്ക് കരസ്ഥമാക്കിയ കോഴിക്കോട് സ്വദേശി ഡോ. മിഥുൻ പ്രേംരാജ്, കോഴിക്കോട് കോർപറേഷൻ മുൻ അസിസ്റ്റന്റ് മെഡിക്കൽ ഓഫീസറാണ്. കായക്കൊടി ചങ്ങരംകുളം വണ്ണത്താംങ്കണ്ടി വീട്ടിൽ ഡോ. പ്രേംരാജിന്റെയും ബിന്ദുവിന്റെയും മകനാണ്.

വാർത്ത ഏജൻസിയായ എഎൻഐയുടെ റിപ്പോർട്ട് പ്രകാരം, ഒന്നാം റാങ്ക് നേടിയ ശുഭം കുമാർ ഐഐടി ബോംബെയിൽ നിന്ന് ബി ടെക് (സിവിൽ എഞ്ചിനീയറിംഗ്) ബിരുദവും രണ്ടാം റാങ്ക് നേടിയ ജാഗ്രതി അവസ്തി മണിറ്റ് ഭോപ്പാലിൽ നിന്ന് ബി ടെക് (ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്) ബിരുദവും നേടിയവരാണ്.

മൊത്തം 761 പേരാണ് സിവിൽ സർവീസ് യോഗ്യത നേടിയത്. ആദ്യ 25 റാങ്കുകാരിൽ 13 പേർ പുരുഷന്മാരും 12 പേർ സ്ത്രീകളുമാണ്. യോഗ്യത നേടിയവരിൽ വിവിധ തരത്തിൽ വൈകല്യങ്ങളുള്ള 25 പേരുമുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Upsc cse 2020 final result declared

Next Story
വ്യോമസേനയ്ക്കായി 56 വിമാനങ്ങൾ; എയർബസുമായി 20,000 കോടിയുടെ കരാറിലെത്തി പ്രതിരോധ മന്ത്രാലയംcentre airbus aircraft deal, defence ministry airbus deal, defence ministry C-295 aircraft deal, defence ministry C-295 aircraft, IAF C-295 aircraft, defence deal, India news, current affairs, എയർബസ്, വിമാനം, malayalam news, news in malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com