ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹി കലാപക്കേസില്‍ മൂന്ന് വിദ്യാര്‍ഥി പ്രവര്‍ത്തകർക്കു ജാമ്യം നല്‍കിയതിനെ ചോദ്യം ചെയ്ത് ഡല്‍ഹി പോലീസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ നോട്ടിസ് പുറപ്പെടുവിച്ച് സുപ്രീം കോടതി. നടാഷ നര്‍വാള്‍, ദേവംഗന കലിത, ആസിഫ് ഇക്ബാല്‍ തന്‍ഹ എന്നിവര്‍ക്ക് ഡല്‍ഹി ഹൈക്കോടതിയാണ് രണ്ടു ദിവസം മുന്‍പ് ജാമ്യം നല്‍കിയത്. ഇവർ ഇന്നലെ വൈകിട്ട് ജയിൽ മോചിതരായിരുന്നു.
യുഎപിഎയെ ഹൈക്കോടതി വ്യാഖ്യാനിച്ച രീതിയ്ക്ക് ‘ഒരുപക്ഷേ പരിശോധന ആവശ്യമായി വരും’ എന്ന് ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വി രാമസുബ്രഹ്‌മണ്യന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് പറഞ്ഞു. ഹൈക്കോടതി വിധി കീഴ്‌വഴക്കമായി പരിഗണിക്കില്ലെന്നും ബഞ്ച് വ്യക്തമാക്കി.
അതേസമയം, ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തില്ല. വിദ്യാര്‍ഥി പ്രവര്‍ത്തകര്‍ക്കു ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഈ ഘട്ടത്തില്‍ ഇടപെടുന്നില്ലെന്നു ബഞ്ച് വ്യക്തമാക്കി.
ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ഡല്‍ഹി പൊലീസിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവേളയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ആവശ്യപ്പെടുന്നതായുള്ള സാക്ഷി മൊഴികളുണ്ടെന്നു മേത്ത പറഞ്ഞു. യുഎപിഎയുടെ 15-ാം വകുപ്പ് ഹൈക്കോടതി സ്വന്തം തീര്‍പ്പിലൂടെ മാറ്റിസ്ഥാപിച്ചതായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമാന്‍ ലേഖി പറഞ്ഞു.
അതേസമയം, ജാമ്യാപേക്ഷയിൽ എല്ലാ നിയമങ്ങളും ചർച്ച ചെയ്യുന്ന 100 പേജുകൾ ഞങ്ങളെ ആശ്ചര്യപ്പെടുത്തുന്നതായി കോടതി പറഞ്ഞു.
വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനു തൊട്ടുപിന്നാലെ ഇന്നലെയാണ് ഡല്‍ഹി പൊലീസ് സുപ്രീം കോടതിയെ സമീപിച്ചത്. യുഎപിഎ പ്രകാരമുള്ള കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട മൂവരും ഒരു വര്‍ഷത്തോളം ജയിലിലായിരുന്നു.
Also Read: ഡൽഹി കലാപക്കേസ്: വിദ്യാർഥികൾ ജയിൽമോചിതരായി