ന്യൂഡൽഹി: ഉപഹാർ തിയേറ്ററിനു തീപിടിച്ച് നിരവധിപേർ മരിച്ച സംഭവത്തിലെ പ്രതികളിലൊരാളായ തിയേറ്റർ ഉടമ ഗോപാൽ അൻസലിനെ ഒരു വർഷത്തെ തടവിനു സുപ്രീംകോടതി വിധിച്ചു. ഗോപാൽ നാലാഴ്‌ചയ്ക്കുള്ളിൽ കീഴടങ്ങണമെന്നും കോടതി ഉത്തരവിട്ടു. ഇദ്ദേഹത്തിന്റെ സഹോദരൻ സുശീൽ അൻസലിനെ പ്രായത്തിന്റെ ആനുകൂല്യം നൽകി കോടതി ശിക്ഷയിൽനിന്നും ഒഴിവാക്കി.

പ്രതികളായ ഗോപാലും സുശീലും ദുരന്തത്തിൽ മരിക്കാത്തതിൽ താൻ ദുഃഖിക്കുന്നുവന്നു സുപ്രീംകോടി വിധിക്കുപിന്നാലെ പരാതിക്കാരിൽ ഒരാളായ നീലം കൃഷ്ണമൂർത്തി പറഞ്ഞു. എന്റെ കുട്ടികൾ മരിച്ച ദിവസംതന്നെ ഞാൻ ഇരുവരെയും വെടിവച്ചു കൊല്ലുമായിരുന്നു. ഞാൻ തീർത്തും നിരാശയാണ്. കോടിയെ സമീപിച്ചതാണ് ജീവിതത്തിൽ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റെന്നും അസോസിയേഷൻ ഓഫ് വിക്ടിംസ് ഓഫ് ഉപഹാർ ട്രാജഡിയുടെ പ്രസിഡന്റ് കൂടിയായ നീലം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ദുരന്തത്തിൽ നീലത്തിന്റെ രണ്ടു കുട്ടികൾ മരിച്ചിരുന്നു.

neelam

നീലം കൃഷ്ണമൂർത്തി

1997 ജൂൺ 13 ന് ഗോപാൽ അൻസൽ, സുശീൽ അൻസൽ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗ്രീൻ പാർക്കിലെ ’ഉപഹാർ’ തിയേറ്ററിലുണ്ടായ തീപിടിത്തത്തിൽ 59 പേരാണ് മരിച്ചത്. 100 പേർക്ക് പരുക്കേറ്റിരുന്നു. ബാൽക്കണിയിൽ അകപ്പെട്ടവരാണ് മരിച്ചവരിൽ ഏറെയും. പ്രദർശനം നടന്നുകൊണ്ടിരിക്കെ ട്രാൻസ്ഫോർമറിൽനിന്ന് തീ പടർന്നതാണ് അപകടത്തിനിടയാക്കിയത്. അപകടത്തിനു ശേഷം നടത്തിയ പരിശോധനയിൽ അടിസ്ഥാന സുരക്ഷാ നിയമങ്ങൾ പാലിക്കതെയാണ് തിയേറ്റർ പ്രവർത്തിച്ചിരുന്നതെന്നു കണ്ടെത്തിയിരുന്നു.

2007 ൽ ഡൽഹി വിചാരണ കോടതി പ്രതികളായ ഇരുവരെയും രണ്ടുവർഷത്തെ കഠിന തടവ് വിധിച്ചു. എന്നാൽ 2008 ൽ ഡൽഹി ഹൈക്കോടതി ശിക്ഷ ഒരു വർഷമായി കുറച്ചു. 2015ൽ കീഴ്കോടതി വിധിച്ച ജയിൽ ശിക്ഷ സുപ്രീം കോടതി റദ്ദാക്കുകയും 60 കോടി രൂപ പിഴ മാത്രം വിധിക്കുകയും ചെയ്തു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പിന്നീട് കേസ് അന്വേഷിച്ച സിബിഐയുടെ അഭ്യര്‍ഥനയെ തുടർന്നാണ് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കുകയും ഗോപാൽ അൻസലിനോട് കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook