ന്യൂഡൽഹി: ബിഹാറിലെ ലോക്‌സഭ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തെത്തുടർന്നുളള തർക്കത്തിൽ കേന്ദ്ര മാനവ വിഭവശേഷി വികസന സഹമന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവച്ചു. എൻഡിഎ സഖ്യകക്ഷികളുടെ യോഗത്തിൽ പങ്കെടുക്കണമെന്ന ബിജെപിയുടെ ക്ഷണവും രാഷ്ട്രീയ ലോക്മതാ പാർട്ടി (ആർഎൽഎസ്‌പി) നേതാവായ ഉപേന്ദ്ര നിരസിച്ചു.

ബിഹാറിൽ ആർഎസ്എസ്സിന്റെ അജണ്ടയാണ് ബിജെപി പിന്തുടരുന്നതെന്നും പാർട്ടി തങ്ങൾക്ക് നൽകിയ വാഗ്‌‌ദാനങ്ങൾ പാലിച്ചില്ലെന്നും ഉപേന്ദ്ര പ്രധാനമന്ത്രിക്ക് അയച്ച രാജിക്കത്തിൽ പറയുന്നു. എൻഡിഎ സഖ്യം അവസാനിപ്പിച്ച ഉപേന്ദ്ര കോൺഗ്രസ്സും ആർജെഡിയും ശരദ് യാദവും ചേർന്നുളള വിശാല പ്രതിപക്ഷ സഖ്യത്തിനൊപ്പം കൈകോർക്കുമെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ഒക്ടോബറിലാണ് എൻഡിഎയുമായി ഉപേന്ദ്ര അകലുന്നത്. ഒക്ടോബറിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ജെഡി (യു) മുഖ്യമന്ത്രി നിതീഷ് കുമാറുമായി സംയുക്ത വാർത്താസമ്മേളനം നടത്തിയിരുന്നു. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും തുല്യ സീറ്റുകളിൽ മത്സരിക്കുമെന്നും സഖ്യകക്ഷികളായ ചെറു പാർട്ടികളുടെ സീറ്റ് വിഹിതം കുറയ്ക്കുമെന്നുമാണ് ഷാ പറഞ്ഞത്. ഇതാണ് ഉപേന്ദ്രയെ ചൊടിപ്പിച്ചത്.

ബിഹാറിൽ 2014 ൽ എൻഡിഎ സഖ്യത്തിൽ ചേർന്ന് മത്സരിച്ച ആർഎൽഎസ്‌പി മൂന്നു സീറ്റുകളിലാണ് വിജയം നേടിയത്. എന്നാല്‍ ഇത്തവണ നിതീഷ് കുമാറിന്റെ ജെഡിയു എന്‍ഡിഎയിലേക്ക് തിരിച്ചെത്തിയിരുന്നു. ഇതോടെയാണ് കഴിഞ്ഞ തവണ നൽകിയതിനെക്കാൾ സീറ്റ് കുറച്ച് ആര്‍എല്‍എസ്പിക്ക് നല്‍കാൻ തീരുമാനിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook