റാമല്ല: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീനിലെത്തി. വിദേശകാര്യ വികസന പ്രവർത്തനങ്ങളിൽ വളരെയേറെ പ്രാധാന്യം കൽപ്പിക്കപ്പെടുന്ന സന്ദർശനമാണ് ഇന്നത്തേത്. സമാധാനപരമായി പലസ്തീന്‍ എത്രയും പെട്ടെന്ന് സ്വതന്ത്ര്യമായി കാണാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് മോദി പറഞ്ഞു. പലസ്തീന്‍ ജനതയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇന്ത്യ ഒപ്പമുണ്ടാവുമെന്ന് അദ്ദേഹം പ്രസിഡന്റ് അബ്ബാസിന് ഉറപ്പു നല്‍കി.

ഇസ്രയേലുമായുളള സഹകരണം മുൻപില്ലാത്ത വിധം ശക്തമാക്കിയ ശേഷമാണ് പ്രധാനമന്ത്രി പലസ്തീൻ സന്ദർശിക്കുന്നത്. റാമല്ല വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിക്ക് മികച്ച സ്വീകരണമാണ് വിമാനത്താവളത്തിൽ ലഭിച്ചത്. ഇവിടെ നിന്നും അദ്ദേഹം യാസർ അറാഫത്തിന്റെ ശവകുടീരത്തിലേക്ക് പോയി.

ഇവിടെ പുഷ്പാർച്ചന നടത്തിയ ഇന്ത്യൻ പ്രധാനമന്ത്രി പിന്നീട് യാസർ അറാഫത്ത് മ്യൂസിയത്തിലേക്കാണ് പോയത്. സന്ദർശനം കഴിഞ്ഞ് ഗാർഡ് ഓഫ് ഹോണർ സ്വീകരിച്ചു. തുടര്‍ന്ന് പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസുമായി ചർച്ച നടത്തി.

ഉച്ചഭക്ഷണത്തിന് ശേഷമാണ് നയതന്ത്ര ചർച്ചകളിലേക്ക് കടന്നത്. നയതന്ത്ര കരാറുകളിൽ ഒപ്പുവച്ച ശേഷം അദ്ദേഹം അമാൻ വിമാനത്താവളത്തിലേക്ക് യാത്രയാകും. ഇന്ത്യൻ സമയം രാത്രി ഒൻപത് മണിയോടെ അദ്ദേഹം അബുദാബിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വളരെ ഹ്രസ്വമായ സന്ദർശനം ആണെങ്കിൽ കൂടി ഇസ്രയേൽ-പലസ്തീൻ വിഷയത്തിൽ ഇസ്രയേലിന് മാത്രം അനുകൂലമായി ഇന്ത്യ നിലപാടെടുത്തേക്കില്ലെന്ന തോന്നലിലേക്ക് കാര്യങ്ങളെ എത്തിക്കാൻ ഇതിലൂടെ സാധിച്ചേക്കും. അതേസമയം പലസ്തീനുളള സാമ്പത്തിക സഹായം വർദ്ധിപ്പിക്കാനുളള കരാറുകളിലും ഇരു രാഷ്ട്ര തലവന്മാരും ഒപ്പുവച്ചേക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ