ന്യൂഡൽഹി: എൻഡിടിവി ഓഫീസിലും ഉടമയുടെ വീട്ടിലും സിബിഐ സംഘം റെയ്‌ഡ് നടത്തും മുൻപ് പ്രാഥമിക അന്വേഷണം പോലും നടത്തിയിരുന്നില്ലെന്ന് എൻഡിടിവി വിശദീകരണം. മുൻ ഉപദേശിയായ സഞ്ജയ് ദത്തിന്റെ പരാതിയിൽ നടപടിയെടുക്കാൻ സിബിഐ ഉദ്യോഗസ്ഥർക്ക് മേൽ കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായതായി എൻഡിടിവി വിശദീകരണ കുറിപ്പിൽ പറഞ്ഞു.

തികച്ചും രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയുള്ളതാണ് ഈ നടപടിയെന്നും മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും എൻഡിടിവി കുറ്റപ്പെടുത്തി. സഞ്ജയ് ദത്ത് പല തവണകളായി കോടതിയെ സമീപിച്ചും അനുകൂലമായ ഒരു വിധി പോലും നേടാനായില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

“നിയമ വിദഗ്ദ്ധർ സ്വകാര്യ വ്യക്തിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഏഴ് വർഷം മുൻപ് തിരിച്ചടച്ച വായ്പയുടെ പേരിലാണ് സഞ്ജയ് ദത്തിന്റെ പരാതി. ഇതിന് മുകളിലാണ് സിബിഐ റെയ്ഡ് നടത്തിയത്.

“നിരവധി വ്യവസായികൾ ലക്ഷങ്ങളും കോടികളും പൊതുമേഖലാ ബാങ്കുകൾക്കടക്കം നൽകാനുണ്ട്. അവർക്കെതിരെയൊന്നും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് എൻഡിടിവിയുടെ ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതും സ്ഥാപനത്തിലും വസതിയിലും റെയ്ജ് നടത്തിയതും. അതും സ്വകാര്യ ബാങ്കിൽ നിന്ന് എടുത്ത്, അടച്ചു തീർത്ത വായ്പയുടെ പേരിൽ”-പ്രസ്താവന വ്യക്തമാക്കി.

“എൻഡിടിയോ ഉടമകളോ ഇതുവരെ ഐസിഐസിഐ ബാങ്കുൾപ്പടെ ഒരു ബാങ്കിൽ നിന്നും എടുത്ത വായ്പ തിരിച്ചടക്കാതിരുന്നിട്ടില്ല. എൻഡിടിവിയുടെ സ്വതന്ത്രവും ഭയരഹിതവുമായ നിലപാട് ഭരിക്കുന്നവർക്ക് ദഹിക്കുന്നില്ല. അതുകൊണ്ടാണ് റെയ്ഡ് പോലുള്ള നടപടികൾ സ്വീകരിക്കുന്നത്. എന്നാൽ എൻഡിടിവിയെ നിശബ്ദരാക്കാൻ സാധിക്കില്ല.” പ്രസ്താവനയിൽ എൻഡിടിവി വിശദീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ