ന്യൂഡല്‍ഹി: 2018 ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പ്രഖ്യാപിച്ചു. കനിഷക് കഠാരിയയാണ് ഫസ്റ്റ് റാങ്ക് കരസ്ഥമാക്കിയത്. മുംബൈ ഐഐടിയിലെ ബിടെക് വിദ്യാര്‍ഥിയാണ് കനിഷക്. അക്ഷത് ജയിന്‍ രണ്ടാം റാങ്കും ജുനൈദ് അഹമ്മദ് മൂന്നാം റാങ്കും കരസ്ഥമാക്കി.
തൃശൂര്‍ സ്വദേശി ശ്രീലക്ഷ്മി റാം ആണ് 29-ാം റാങ്ക് സ്വന്തമാക്കി മലയാളികളുടെ അഭിമാനമായത്. മലയാളികളായ രഞ്ജിന മേരി വര്‍ഗീസ് 49-ാം റാങ്കും അര്‍ജുന്‍ മോഹന്‍ 66-ാം റാങ്കും കരസ്ഥമാക്കി. വയനാട്ടില്‍ നിന്നുള്ള ആദിവാസി വിഭാഗത്തിലെ പെണ്‍കുട്ടി ശ്രീധന്യ 410-ാം റാങ്ക് കരസ്ഥമാക്കി. കുറിച്യ വിഭാഗത്തില്‍ പെട്ട ശ്രീധന്യ ആദിവാസി വിഭാഗത്തില്‍ നിന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടുന്ന ആദ്യ വ്യക്തിയാണ്. വയനാട് ജില്ലയിലെ പൊഴുതന സ്വദേശിനിയാണ്.
ആദ്യ ഇരുപത്തിയഞ്ച് സ്ഥാനങ്ങളില്‍ 15 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമാണുള്ളത്. 577 ആണ്‍കുട്ടികളും 182 പെണ്‍കുട്ടികളും ഉള്‍പ്പെടെ 759 പേരാണ് ഇത്തവണ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.